മഞ്ചേരി- വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ദേശാഭിമാനി മഞ്ചേരി ലേഖകന്‍ ടി.വി. സുരേഷിനെ ഓഫീസില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പാര്‍ട്ടി നടപടി. കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനെ സ്ഥാനത്തുനിന്ന് നീക്കി. പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. സുരേഷിന്റെ പരാതിയില്‍ മഞ്ചേരി സൗത്ത് ലോക്കല്‍ കമ്മിറ്റിയാണ് നടപടിയെടുത്തത്. പുതിയ സെക്രട്ടറിയെ പിന്നീട് തീരുമാനിക്കും.
പാര്‍ട്ടി പത്രത്തിന്റെ ലേഖകനെ ബ്രാഞ്ച് സെക്രട്ടറിതന്നെ ആക്രമിച്ചത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബ്രാഞ്ച് സെക്രട്ടറിക്കെതിരേ നടപടിവേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുകയുംചെയ്തു. തുടര്‍ന്നാണ് ഇരുകക്ഷികളുടെയും വിശദീകരണം കേട്ടശേഷം പാര്‍ട്ടി നടപടിയിലേക്കു കടന്നത്.
മാര്‍ച്ച് ഏഴിനാണ് വിനയന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം മഞ്ചേരിയിലെ ദേശാഭിമാനി ഓഫീസില്‍ അക്രമം നടത്തിയത്. ഓഫീസിലെ കംപ്യൂട്ടറുകളുള്‍പ്പെടെ വാരിവലിച്ച് താഴെയിട്ട സംഘം കീബോര്‍ഡ് ഉപയോഗിച്ച് തലയ്ക്ക് മര്‍ദിച്ചുവെന്നാണ് സുരേഷിന്റെ പരാതി.
സംഭവം ലോക്കല്‍, ബ്രാഞ്ച് തലങ്ങളില്‍ ചര്‍ച്ചയ്ക്കുവന്നപ്പോള്‍ യുവനേതാക്കള്‍ ഉള്‍പ്പെടുന്ന ഒരുവിഭാഗം വിനയനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന നിലപാടെടുത്തു. ഏരിയാകമ്മിറ്റിയും ഇതിനെ അനുകൂലിച്ചു. എന്നാല്‍ താക്കീത് നല്‍കിയാല്‍ മതിയെന്ന നിലപാടില്‍ വിനയന്‍ അനൂകൂലികള്‍ ഉറച്ചുനിന്നു.
കടുത്ത സമ്മര്‍ദം കാരണം പാര്‍ട്ടി പുറത്താക്കല്‍ നടപടിയിലേക്കു പോയില്ല. പകരം പാര്‍ട്ടി അംഗത്വത്തില്‍നിന്ന് തത്കാലം സസ്‌പെന്‍ഡ്ചെയ്തു. ഫലത്തില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടതോടെ വിനയന് ഇത്തവണ അംഗത്വം പുതുക്കാനാവില്ല. ഇത് പുറത്തേക്കുള്ള വഴിയൊരുക്കിയേക്കും.