ന്യൂദൽഹി- സ്വകാര്യ മേഖലയിൽ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്ക് കേന്ദ്ര സർക്കാരിലെ ഉന്നത ഭരണ പദവികളിൽ അവസരം. യു.പി.എസ്.സി നടത്തുന്ന ഏറ്റവും കടുത്ത സിവിൽ സർവീസ് പരീക്ഷാ കടമ്പ കടന്നെത്തുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ വഹിക്കുന്ന പദവികളിലേക്കാണ് സ്വകാര്യ മേഖലയിൽ മികവ് തെളിച്ചവരെ കേന്ദ്ര സർക്കാർ നേരിട്ട് നിയമിക്കുന്നത്. വിവിധ മന്ത്രാലയങ്ങളിൽ ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് 10 സീനിയർ പോസ്റ്റുകളിലേക്ക് ആളുകളെ കണ്ടെത്താൻ കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചു. റെവന്യു, ഫിനാൻഷ്യൽ സർവീസസ്, ഇക്കണൊമിക് അഫയേഴ്‌സ്, കൊമേഴ്‌സ്, സിവിൽ ഏവിയേഷൻ എന്നിവ ഉൾപ്പെടെ 10 വകുപ്പുകളിലേക്കാണ് സ്വകാര്യ മേഖലയിൽ നിന്നുള്ളവർക്ക് സർക്കാർ നേരിട്ട് നിയമനം നൽകുന്നത്.
സ്വകാര്യ കമ്പനികൾ, കൺസൾട്ടൻസി സ്ഥാപനങ്ങൾ, രാജ്യാന്തര, ബഹുരാഷ്ട്ര കമ്പനികൾ എന്നിവയിൽ ചുരുങ്ങിയത് 15 വർഷമെങ്കിലും ഉന്നത പദവികൾ വഹിച്ചവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മൂന്ന് വർഷം മുതൽ അഞ്ചു വർഷം വരെയുള്ള ദൈർഘ്യമുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
സമാന പദവികൾ വഹിക്കുന്ന സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും യൂണിവേഴ്‌സിറ്റി, സ്വയംഭരണ സ്ഥാപനങ്ങൾ, ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടുകൾ എന്നിവയിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം.
ഐഎഎസ് ഉദ്യോഗസ്ഥർ വഹിക്കുന്ന ഉന്നത ഭരണ പദവികളിലേക്ക് സ്വകാര്യ മേഖലയിൽ നിന്നുള്ളവർക്ക് നേരിട്ട് നിയമനം നൽകണമെന്ന നിർദേശം ഏറെ കാലമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. എന്നാൽ ആദ്യമായാണ് ഇപ്പോൾ നേരിട്ടുള്ള നിയമനങ്ങൾക്ക് സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.