Sorry, you need to enable JavaScript to visit this website.

പുതിയ ലോക റെക്കോർഡിന്റെ ഏകാവകാശിയായി ക്രിസ്റ്റ്യാനോ, കൂടുതൽ രാജ്യാന്തര മത്സരങ്ങൾ സ്വന്തം

ലിസ്ബൺ-ലോകത്ത് ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡ് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. ഇന്ന് ലിസ്ബണിൽ ലീഷ്റ്റെൻസ്റ്റയിനെതിരെയുള്ള 2024 ലെ യൂറോ യോഗ്യതാ മത്സരത്തിനുള്ള പോർച്ചുഗലിന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടം നേടിയതോടെയാണ് ക്രിസ്റ്റ്യാനോ ഈ റെക്കോർഡ് സ്വന്തമാക്കിയത്. പോർച്ചുഗലിന് വേണ്ടി ക്രിസ്റ്റിയാനോ കളിക്കുന്ന 197-ാം കളിയാണിത്. മത്സരം പകുതി സമയം പിന്നിട്ടപ്പോൾ പോർച്ചുഗൽ ഒരു ഗോളിന് മുന്നിലാണ്. 'റെക്കോർഡുകളാണ് എന്റെ പ്രചോദനമെന്ന് റൊണാൾഡോ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. 
'ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനാകാൻ ഞാൻ ആഗ്രഹിക്കുന്നു. അത് എന്നെ അഭിമാനിതനാക്കും. എന്നാൽ റെക്കോർഡോടെ എല്ലാം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.  എപ്പോഴും ടീമിലേക്ക് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. 
2003ൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമാണ്. നിലവിൽ സൗദിയിലെ അൽ നസ്ർ ക്ലബ്ബിന്റെ താരമാണ് റൊണാൾഡോ. കുവൈത്തിന്റെ ബദർ അൽമുതവയുടെ പേരിലായിരുന്നു ഇതേവരെ ഏറ്റവും കൂടുതൽ രാജ്യന്തര മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡ്. അത് ലോകകപ്പിൽ മൊറോക്കോക്ക് എതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ ഇറങ്ങിയതോടെ രണ്ടുപേരും റെക്കോർഡ് പങ്കിട്ടു. 
ലോകകപ്പിൽ മൊറോക്കോക്ക് എതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പോർച്ചുഗൽ തോറ്റതോടെ മൈതാനത്തുനിന്ന് കരഞ്ഞാണ്ക്രിസ്റ്റ്യാനോ തിരിച്ചുപോയത്. യൂറോപ്പ് വിട്ടതിന് ശേഷം അൽ നാസറിന് വേണ്ടി 10 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളാണ് റൊണാൾഡോ നേടിയത്. പോർച്ചുഗലിന്റെ പുതിയ പരിശീലകനായി റോബർട്ടോ മാർട്ടിനെസ് സ്ഥാനമേറ്റ ഉടൻ ക്രിസ്റ്റ്യാനോയെ ടീമിലേക്ക് വിളിക്കുകയായിരുന്നു. റൊണാൾഡോയെ ടീമിൽ നിർത്താനുള്ള തീരുമാനത്തെ  മാർട്ടിനെസ് ശക്തമായി ന്യായീകരിച്ചു. 'ഞാൻ പ്രായം നോക്കുന്നില്ല,' കഴിഞ്ഞയാഴ്ച തന്റെ ആദ്യ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മാർട്ടിനെസ് പറഞ്ഞു.

Latest News