Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ യു.പി.ഐ വഴിയുള്ള തട്ടിപ്പു കൂടുന്നുവെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ

ന്യൂദൽഹി- ഇന്ത്യയിൽ യു.പി.ഐ ഇടപാട് വഴിയുള്ള തട്ടിപ്പ് കേസുകൾ വർധിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയം. ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് കഴിഞ്ഞ ഒരു വർഷം മാത്രം റിപ്പോർട്ട് ചെയ്തത്. കേസുകളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി കേന്ദ്രം അറിയിച്ചു. 2022-23 കാലയളവിൽ രാജ്യത്ത് 95,000ത്തിലധികം യു.പി.ഐ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു. 2020-21 കാലളവിൽ കേസുകളുടെ എണ്ണം 77,000 ആയിരുന്നു. 2021-22ൽ ഇത് 84,000ത്തിലേക്ക് ഉയർന്നു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻ.പി.സി.ഐ)യുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 125 കോടിയിലധികം വിലമതിക്കുന്ന യു.പി.ഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. മൂന്ന് വർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്ത നേരിയ വർധനയാണിതെന്നും ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യു.പി.ഐക്ക് ഇതിനോടകം തന്നെ വലിയ ആഗോള സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സിംഗപ്പൂർ, യു.എ.ഇ, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ യു.പി.ഐ ഇടപാട് നടത്തുന്നവർ ഏറെയുണ്ട്. ഡിജിറ്റൽ തട്ടിപ്പു കേസുകളെക്കുറിച്ചുള്ള രാജ്യസഭാ എം.പി കാർത്തികേയ ശർമയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ.
    ഉപയോക്താവിന്റെ മൊബൈൽ നമ്പർ തട്ടിപ്പുകാരുടെ നമ്പറുമായി ബന്ധിപ്പിക്കും. ശേഷം യു.പി.ഐ ഉപയോഗിച്ച് പണമിടപാട് നടത്തുന്ന വ്യക്തിയുടെ ആപ്പിലെ വിവരങ്ങൾ ചോർത്തിയെടുക്കും. ഇത്തരത്തിലുള്ള തട്ടിപ്പുകൾ തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ടായിരിക്കുമെന്ന് ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാദ് പാർലമെന്റിൽ പറഞ്ഞു. പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ രൂപീകരിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
 

Latest News