ന്യൂദല്‍ഹി- റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഇടത് എം. പിമാര്‍ റബ്ബര്‍ കര്‍ഷകരുടെ വിഷയത്തില്‍ കഴിഞ്ഞ മാസം മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് റബ്ബര്‍ താങ്ങുവില പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചത്.
മാര്‍ച്ച് 15നാണ് കേന്ദ്രമന്ത്രി ഇടതു എം. പിമാര്‍ക്ക് മറുപടി നല്‍കിയത്. ഈ കത്ത് എളമരം കരീം എം. പിയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ വിളയും ഉള്‍പ്പെടുത്തുന്നതെന്നും താങ്ങുവില പ്രഖ്യാപിക്കുന്ന 25 കാര്‍ഷിക വിളകളുടെ കൂട്ടത്തില്‍ റബ്ബര്‍ ഉള്‍പ്പെടുന്നില്ലെന്നും മന്ത്രി അറിയിച്ചു. റബ്ബറിനെ ഉള്‍പ്പെടുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.
റബ്ബര്‍ കര്‍ഷകരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം എന്താണെന്ന് വ്യക്തമാകുന്നതാണ് മന്ത്രിയുടെ മറുപടിയെന്ന് എളമരം കരീം എ. പി കത്തിനോടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു. ബി. ജെ. പിയുടെ കപട വാഗ്ദാനങ്ങളില്‍ അറിഞ്ഞോ അറിയാതെയോ വീണുപോകുന്നവരില്‍ സമൂഹത്തിലെ ഉന്നതസ്ഥാനീയരുമുണ്ടെന്നും കര്‍ഷകരെ സഹായിക്കാന്‍ ബി. ജെ. പി നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണിതെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.