ദൈവപ്രീതിക്കായി നാലു വയസുകാരിയായ മകളെ കഴുത്തറുത്ത് കൊന്നു

ജോധ്പൂർ- റമദാനിൽ ദൈവപ്രീതി ലഭിക്കുമെന്ന് വിശ്വസിച്ച് നാലു വയസുകാരിയായ സ്വന്തം മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ ജോധ്പൂരിലാണ് ഇരുപത്തിയാരുകാരനായ പിതാവ് നവാബ് അലി ഖുറേഷി മകളോട് ക്രൂരത ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ്‌ചെയ്തു. മകള്‍ റിസ്വാനയെ മടിയിലിരുത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. നവാബ് അലിയും ഭാര്യയും രണ്ടു മക്കളും രാത്രി വീടിന്റെ ടെറസിലായിരുന്നു ഉറങ്ങാൻ കിടന്നത്. രാത്രിയിൽ മകളെ വിളിച്ചിറക്കി താഴത്തെ നിലയിൽ എത്തിച്ച ശേഷം മടിയിലിരുത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. റമദാൻ മാസത്തിൽ ദൈവത്തെ പ്രീതിപ്പെടുത്താനാണ് മകളെ കൊന്നത് എന്നാണ് ഇയാൾ പറഞ്ഞത്. തലേദിവസം വൈകുന്നേരം മകൾക്ക് കുറെ കളിപ്പാട്ടങ്ങളും മറ്റും ഇയാൾ സമ്മാനിച്ചിരുന്നു. മകളെ കഴുത്തറുത്ത് കൊന്ന ശേഷം ഇയാള്‍ വീണ്ടും ടെറസിലെത്തി ഭാര്യക്കും മക്കള്‍ക്കുമൊപ്പം കിടന്നുറങ്ങി. രാവിലെ ഭാര്യ എണീറ്റ് നോക്കിയപ്പോഴാണ് മകളെ കാണാനില്ലാത്ത വിവരം അറിഞ്ഞത്. ഇവര്‍ ഓടി നടന്നു അന്വേഷിക്കുന്നതിനിടെയാണ് വീടിന്‍റെ താഴെ നിലയില്‍ കഴുത്തറുത്ത നിലയില്‍ മകളെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

കുട്ടിയെ പൂച്ച കൊന്നതായിരിക്കുമെന്ന് നവാബ് അലി ഖുറേഷി ഭാര്യയോടും മറ്റും പറഞ്ഞിരുന്നത്. എന്നാല്‍ ഭാര്യ പോലീസില്‍ പരാതി നല്‍കി. പോലീസ് പരിശോധനയില്‍ പുറത്തുനിന്നുള്ള ആരും വീടിനകത്തേക്ക് വന്നിട്ടില്ലെന്ന് തിരിച്ചറിയുകയും നവാബ് അലി ഖുറേഷിയെ ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിച്ചു. ദൈവപ്രീതി ലഭിക്കുമെന്ന് വിചാരിച്ചാണ് കുറ്റം ചെയ്തത് എന്നാണ് ഇയാള്‍ പോലീസിനോട് സമ്മതിച്ചത്. 
 

Latest News