നെയ്‌റോബി-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പിടിവിടാതെ വീണ്ടും മാര്‍ബര്‍ഗ് വൈറസ്. ടാന്‍സാനിയയിലെ വടക്ക് - പടിഞ്ഞാറന്‍ കഗേര മേഖലയില്‍ അഞ്ച് പേര്‍ മാര്‍ബര്‍ഗ് ബാധയെ തുടര്‍ന്ന് മരിച്ചു. അയല്‍രാജ്യമായ കെനിയയിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ മാസം മദ്ധ്യാഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയില്‍ ഒമ്പത് പേര്‍ മാര്‍ബര്‍ഗ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. അതേ സമയം, ടാന്‍സാനിയയില്‍ വൈറസ് വ്യാപനം നിയന്ത്രണവിധേയമായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2004 - 2005 കാലയളവില്‍ അംഗോളയില്‍ വൈറസ് ബാധിച്ച 252 പേരില്‍ 227 പേരും മരിച്ചിരുന്നു എബോളയ്ക്ക് സമാനമായി വവ്വാലുകളില്‍ നിന്ന് പകരുന്ന മാര്‍ബര്‍ഗ് വൈറസ് ബാധയ്ക്ക് 88 ശതമാനം വരെ മരണനിരക്കാണുള്ളത്. ആഫ്രിക്കന്‍ പഴംതീനി വവ്വാലുകളില്‍ നിന്നോ വൈറസ് വാഹകരായ മറ്റ് മൃഗങ്ങളില്‍ നിന്നോ മനുഷ്യരിലേക്ക് പടരുന്നു. അംഗോള, ഡി.ആര്‍. കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട തുടങ്ങി ആഫ്രിക്കയുടെ പല ഭാഗത്തും മുമ്പ് മാര്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കും പടരുന്ന മാര്‍ബര്‍ഗ് വൈറസിന് നിലവില്‍ ചികിത്സയോ വാക്‌സിനോ ഇല്ല. കടുത്ത പനി, തലവേദന, ശരീരവേദന, മസ്തിഷ്‌കജ്വരം, രക്തസ്രാവം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.