ചെന്നൈ- രണ്ടാം ക്ലാസുകാരിയായ മകളെ തല്ലിയെന്നാരോപിച്ച് അദ്ധ്യാപകനെ ഓടിച്ചിട്ട് മര്‍ദിച്ച് മാതാപിതാക്കള്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപകനായ ഭരത്തിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളായ ശിവലിംഗത്തെയും സെല്‍വിയെയും പോലീസ് അറസറ്റ് ചെയ്തു.
അദ്ധ്യാപകന്‍ തല്ലിയെന്ന് കുട്ടി പരാതി പറഞ്ഞതോടെയാണ് ശിവലിംഗവും സെല്‍വിയും സ്‌കൂളിലെത്തിയത്. ക്ലാസ് മുറിയില്‍ അതിക്രമിച്ച് കയറിയ ഇവര്‍ അദ്ധ്യാപകനെ തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു. ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് എറിഞ്ഞ് വീഴ്ത്തുകയും വീണ്ടും തല്ലുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കൂളിന് ചുറ്റും ഇവര്‍ അദ്ധ്യാപകനെ ഓടിക്കുന്നുണ്ട്.
കുട്ടിയെ തല്ലാന്‍ നിങ്ങള്‍ക്കാരാണ് അധികാരം തന്നത് എന്ന് ചോദിച്ചുകൊണ്ടാണ് സെല്‍വി ഭരത്തിനെ മര്‍ദിക്കുന്നത്. ചെരുപ്പ് കൊണ്ട് അടിക്കുമെന്നും ഇടയ്ക്ക് പറയുന്നുണ്ട്. ഭരത്തിനെ രക്ഷപ്പെടുത്താന്‍ മറ്റ് അദ്ധ്യാപകര്‍ ശ്രമിച്ചെങ്കിലും ദമ്പതികള്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് മറ്റ് അദ്ധ്യാപകര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് തെളിവാക്കി പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ മുനിസാമിയെയും പോലീസ് അറസ്റ്റ് ചെയ്തു.എന്നാല്‍ കുട്ടിയെ തല്ലിയെന്ന വാദം അദ്ധ്യാപകന്‍ നിഷേധിച്ചിട്ടുണ്ട്. പഠിപ്പിക്കുന്നതിനിടെ കുട്ടി ക്ലാസില്‍ സംസാരിച്ചതിനും മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയതിനും സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്നും ഭരത്ത് പറഞ്ഞു.