സൂറത്ത് - മോദി പേരുള്ളവർക്കെതിരായ അപകീർത്തികരമായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. ഗുജറാത്തിലെ സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. ഇന്ന് കോടതിയിൽ ഹാജരായ രാഹുലിന് ചീഫ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു. അപ്പിൽ നൽകാൻ ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.
2019-ലെ കർണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോലാറിൽ നടന്ന റാലിയിലെ രാഹുലിന്റെ പരാമർശമാണ് മാനനഷ്ടക്കേസിന് ആധാരമായത്. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐ.പി.എൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതിനെതിരേ ബി.ജെ.പി നേതാവ് പൂർണേഷ് മോദിയാണ് മാനനഷ്ടത്തിന് കോടതിയെ സമീപിച്ചത്.
രാഹുലിന്റെ പരാമർശം മോദി എന്ന പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടായെന്നാണ് പൂർണേഷ് മോദിയുടെ അഭിഭാഷകൻ വാദിച്ചത്.
ഹൈക്കോടതി ഈ കേസിന്റെ നടപടിക്രമങ്ങൾ സ്റ്റേ ചെയ്തിരുന്നെങ്കിലും രണ്ടാഴ്ച മുമ്പ് സ്റ്റേ നീക്കിയിരുന്നു. തുടർന്ന് സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് കോടതിയിലെ അന്തിമവാദത്തിനു ശേഷം ഇന്ന് വിധിപറയുകയാണുണ്ടായത്. ഇതാണ് രാഹുലിന് തിരിച്ചടിയായത്.