ഇടുക്കി-കട്ടപ്പന പേഴുംകണ്ടത്ത് അധ്യാപിക അനിമോളുടെ കൊലപാതകത്തില്‍ നാട്ടുകാരെയും പോലീസിനെയും വട്ടം ചുറ്റിച്ച് സോഷ്യല്‍ മീഡിയയിലെ വ്യാജ സന്ദേശങ്ങള്‍. അനിമോളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കാണാതായ ഭര്‍ത്താവ് വിജേഷിനെ തേടി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വ്യാജ സന്ദേശങ്ങളും പ്രചരിച്ച് തുടങ്ങിയത്.
വിജേഷിനെ മേപ്പാറയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്നതായിരുന്നു ആദ്യം പ്രചരിച്ച സന്ദേശം. ഇത് അറിഞ്ഞതോടെ നാട്ടുകാരും പോലീസും പ്രദേശത്ത് പരിശോധന നടത്തി. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.
ഇതിനിടെ മറ്റൊരു കുളത്തില്‍ മൃതദേഹം കണ്ടെന്ന പ്രചരണവുമുണ്ടായി. ഇവിടെയും പോലീസ് തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
അധ്യാപികയെ കട്ടിലിനടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണ കാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ വത്സമ്മ (അനിമോള്‍-27)യെയാണ് ചൊവ്വാഴ്ച്ച വീടിനുള്ളിലെ കിടപ്പറയില്‍ കട്ടിലിനടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയെന്ന് കരുതുന്ന ഭര്‍ത്താവ് ബിജേഷ് ഒളിവിലാണ്.
വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകു എന്ന് പോലീസ് പറഞ്ഞു. കുറച്ചു കാലമായി ബിജേഷിന്റെയും വത്സമ്മയുടെയും ജീവിതം സുഖകരമായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒളിവില്‍ പോകുന്നതിന് മുമ്പ് അഞ്ചു വയസുള്ള മകളെ ബിജേഷ് വെങ്ങാലൂര്‍ കടയിലുള്ള തറവാട്ടിലേക്ക് കൊണ്ടുപോയിരുന്നു.
വിജേഷിന്റെ മൊബൈല്‍ കുമളി പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ മൊബൈല്‍ ഉപേക്ഷിച്ച ശേഷം ഒളിവില്‍ പോയതാകാം എന്ന് പറയുന്നു.
നേരത്തെ വിജേഷ് പോലീസ് സ്റ്റേഷനില്‍ അനിമോളുടെ കുടുംബത്തിനൊപ്പം ഭാര്യയെ കാണാനില്ലെന്ന പരാതി നല്‍കാന്‍ എത്തിയിരുന്നു. ഇതിന് ശേഷം മടങ്ങി എത്തിയപ്പോള്‍ കുടുംബത്തെ വീട്ടില്‍ കയറ്റാതെ മടക്കി അയച്ചു. പിന്നീട് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ചൊവ്വാഴ്ച രാത്രിയില്‍ മൃതദേഹം കണ്ടെത്തുന്നത്. വെള്ളിയാഴ്ച മുതല്‍ ആണ് അനിമോളെ കാണാതാകുന്നത്. കൊലപാതക കാരണം അറിയണമെങ്കില്‍ വിജേഷിനെ കണ്ടെത്തേണ്ടതുണ്ട്. കട്ടപ്പന പോലീസ് തമിഴ്നാട്ടിലടക്കം അന്വേഷണം വ്യാപിപ്പിച്ചു.