പട്‌ന- മദ്യ നിരോധനം ശക്തമായി നടപ്പിലാക്കിയ ബിഹാറില്‍ നിയമവിരുദ്ധമായ മദ്യ വില്‍പ്പന തടയാന്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഒളിപ്പിച്ചു വച്ച് മദ്യം മണത്തു പിടിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച നായകളെ വാങ്ങാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇത്തരത്തിലുള്ള 20 നായകള്‍ തെലങ്കാനയില്‍ നിന്ന് എത്തിക്കാനാണു നീക്കം. തെലങ്കാനയിലെ ഇന്റലിജന്‍സ് ഇന്റഗ്രേറ്റഡ് ട്രെയ്‌നിങ് അക്കാഡമിയില്‍ പരിശീലിപ്പിച്ച നായകളെ ആണ് കൊണ്ടു വരുന്നതെന്ന് ബിഹാര്‍ സിഐഡി എഡിജിപി വിനയ് കുമാര്‍ പറഞ്ഞു. മദ്യത്തിന്റെ മണം പിടിക്കാനുള്ള പ്രത്യേക പരിശീലനം തെലങ്കാനയിലെ അക്കാദമയില്‍ നല്‍കുന്നുണ്ട്. ഇത്തരം നായകള്‍ക്കു വേണ്ടി ബിഹാര്‍ പോലീസ് രാജ്യത്ത് പലയിടത്തും അന്വേഷണം നടത്തി. സൈന്യത്തിന്റെ അര്‍ധസൈനിക വിഭാഗങ്ങളുടേയും പരിശീലന കേന്ദ്രങ്ങളെ വരെ സമീപിച്ചെങ്കിലും ഇത്തരം നായകളെ ലഭിച്ചില്ലെന്ന് ബിഹാര്‍ ക്രൈം ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.
ഒമ്പു മാസം വരെ നീളുന്ന പ്രത്യേക പരിശീലനമാണ് തെരഞ്ഞെടുത്ത 20 നായകള്‍ക്ക് തെലങ്കാനയിലെ അക്കാദമിയില്‍ നല്‍കുന്നത്. പരിശീലനത്തിനു ശേഷം ഇവയെ പട്‌ന, മുസഫര്‍പൂര്‍, ദര്‍ഭംഗ, ഭഗല്‍പൂര്‍ എന്നീ നാലു പേലീസ് സോണുകള്‍ക്കായി വിതരണം ചെയ്യും. ഈ പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ നായകളെ വീണ്ടും എത്തിക്കുമെന്ന് പോലീസ് അറിയിച്ചു.
രണ്ടു വര്‍ഷം മുമ്പ് സംസ്ഥാനത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ്ണ മദ്യനിരോധനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. മദ്യനിരോധനം ലംഘിച്ചതിന് സംസ്ഥാനത്ത് ഇതുവരെ 1.5 ലക്ഷം പേരെ അറസ്റ്റ് ചെയ്തതായാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.