Sorry, you need to enable JavaScript to visit this website.

സംഘര്‍ഷങ്ങളും അതിക്രമങ്ങളും കാരണം ഇന്ത്യയ്ക്ക് 80 ലക്ഷം കോടി രൂപയുടെ നഷ്ടം

ന്യൂദല്‍ഹി- അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങളും അതിക്രമങ്ങളും കാരണം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു വര്‍ഷത്തിനിടെ ഭീമ നഷ്ടം വരുത്തിവച്ചതായി റിപ്പോര്‍ട്ട്. 2017-ല്‍ ഇന്ത്യയക്ക് 80 ലക്ഷം കോടി രൂപയിലേറെ നഷ്ടമുണ്ടായെന്നാണ് ആഗോള പഠനം പറയുന്നത്. 163 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണൊമിക്‌സ് ആന്റ് പീസ് ആണ് പഠനം നടത്തിയത്. സംഘര്‍ഷം മൂലം ഇന്ത്യയുടെ ജിഡിപിയുടെ ഒമ്പതു ശതമാനം നഷ്ടമുണ്ടായി. ഒരു വ്യക്തിക്ക് 40,000 രൂപ എന്ന തോതില്‍ വരുമിത്. ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് സംഘര്‍ഷങ്ങളുണ്ടാക്കിയ നഷ്ടം ഇന്ത്യയുടേതിനേക്കാള്‍ 14 ഇരട്ടി അധികമാണ്. ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ നഷ്ടമാണ് 2017-ല്‍ ഉണ്ടായത്. 

കലാപങ്ങളും സംഘര്‍ഷങ്ങലും നിയന്ത്രണ വിധേയമാക്കുന്നതിനും തടയുന്നതിനും പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനും വരുന്ന ചെലവും സാമ്പത്തിക ബാധ്യതകളും കണക്കാക്കിയാണ് ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ എത്രത്തോളം ബാധിക്കുന്നുവെന്ന് കണക്കാക്കിയത്. ഇതില്‍ പ്രത്യക്ഷവും പരോക്ഷവുമായ ചെലവുകളും ഉള്‍പ്പെടും.

പതിറ്റാണ്ടിനിടെ ലോകത്തെ സാമാധാനാവസ്ഥ താഴോട്ട് പോയിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങല്‍, മിഡില്‍ ഈസ്റ്റിലെ ശക്തമായ സംഘര്‍ഷങ്ങള്‍, കിഴക്കന്‍ യൂറോപ്പിലും വടക്കു കിഴക്കന്‍ ഏഷ്യയിലും ഉരുന്ന പ്രാദേശിക സംഘര്‍ഷങ്ങള്‍, അഭയാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ധന, യൂറോപ്പിലേയും യുഎസിലേയും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയാണ് ലോകസമാധാനത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സംഘര്‍ഷങ്ങള്‍ മൂലം ഏറ്റവും വലിയ നഷ്ടമുണ്ടായ രാജ്യം സിറിയയാണ്. സിറിയയുടെ ജിഡിപിയുടെ 68 ശതമാനം നഷ്ടമായി. അഫ്ഗാനിസ്ഥാനും ഇറാഖുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഈ രാജ്യങ്ങളുടെ ജിഡിപിയുടെ 63 ശതമാനവും 51 ശതമാനവും യഥാക്രമം നഷ്ടമായി.
 

Latest News