ന്യൂദൽഹി- ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനിക്കും ദൽഹി സർവകലാശാലയിലെ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും വധഭീഷണി. പിടികിട്ടാപ്പുള്ളിയും ഗുണ്ടാത്തലവനുമായ രവി പൂജാരിയാണ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ ദൽഹി പോലീസിൽ പരാതി നൽകിയതായി ഉമർ ഖാലിദ് പറഞ്ഞു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും ഉമർ ഖാലിദ് ട്വിറ്ററിൽ അറിയിച്ചു.
ജിഗ്നേഷിനും തനിക്കും നേർക്കാണ് ഭീഷണി ഉയർത്തിരിയിരിക്കുന്നത്. ഉമർ ഖാലിദിനെ തന്റെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നായിരുന്നു രവി പൂജാരിയുടെ ഭീഷണി. 2016 ലും ഇയാൾ വധഭീഷണി ഉയർത്തിയിരുന്നെന്നും ഉമർ ഖാലിദ് പറയുന്നു. ഭീഷണിയെ തുടർന്ന് വെള്ളിയാഴ്ച തന്നെ ദൽഹി പോലീസിൽ പരാതി നൽകി പോലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു.
ഭീഷണി ഉള്ളതായി ജിഗ്നേഷ് മേവാനിയാണ് അറിയിച്ചത്. തനിക്കിതുവരെ നേരിട്ട് ഭീഷണി സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. മേവാനിക്കു ലഭിച്ച മൂന്നു ഭീഷണി കോളുകളിൽ ഒന്നിലാണ് ഉമർ ഖാലിദിനെയും വധിക്കുമെന്നു പറഞ്ഞത്. ഇപ്പോൾ നടത്തുന്ന തരത്തിലുള്ള പ്രസംഗങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നാണ് ഭീഷണി. രവി പൂജാരിയിൽ നിന്നു ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി ജിഗ്നേഷ് മേവാനിയും വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.