ന്യൂദല്‍ഹി - ' മോഡിയെ പുറത്താക്കൂ, നാടിനെ രക്ഷിക്കൂ ' എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയതിന് ന്യൂദല്‍ഹിയില്‍ നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തിലുടനീളം പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു.സംഭവത്തില്‍ പ്രിന്റിംഗ് പ്രസ് ആക്ട്, സ്വത്ത് നശിപ്പിക്കല്‍ നിയമം എന്നീ വകുപ്പുകളും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആംആദ്മി പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ഒരു വാന്‍ തടയുകയും രണ്ടായിരത്തോളം പോസ്റ്ററുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസ് ഉടമയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 50,000 പോസ്റ്ററുകള്‍ അച്ചടിക്കാനാണ് ഓര്‍ഡര്‍ ലഭിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.