ലാഹോര്‍ - ചൊവ്വാഴ്ച രാത്രിയുണ്ടായ ഭുചലനത്തില്‍ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 11 പേര്‍ മരണമടഞ്ഞതായി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 10:17 നോട് അടുപ്പിച്ചാണ് 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പുറമെ ഇന്ത്യ, തുര്‍ക്മെനിസ്ഥാന്‍, കസാഖിസ്ഥാന്‍, താജികിസ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ കലഫ്ഗാനില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രമെന്ന് കരുതുന്നു. ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനമുണ്ടായെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദല്‍ഹി, ഉത്തര്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഭൂചലനമുണ്ടായത്. ഇവിടങ്ങളില്‍ പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും പുറത്തേക്ക് ഓടി തുറസ്സായ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചു. മണിക്കൂറുകളോളം പുറത്ത് നിന്ന് തുടര്‍ ചലനങ്ങളില്ലെന്ന് ഉറപ്പിച്ചതിന് ശേഷമാണ് ആളുകള്‍ വീടുകളിലേക്ക് തിരിച്ചെത്തിയത്.