മുംബൈ- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയെ സമവായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്ന് ശിവ സേന. പാര്‍ട്ടിയുടെ മുഖപത്രമായ സാംനയില്‍ ഇന്നു പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. ആര്‍ എസ് എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ആദ്യമായി പ്രണബ് പങ്കെടുത്ത പശ്ചാത്തലത്തിലാണ് ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുന്ന ശിവ സേനയുടെ നിര്‍ദേശം.
ശിവ സേന സ്ഥാപകന്‍ ബാല്‍ താക്കറെയെ ആര്‍ എസ് എസ് ആസ്ഥാനത്തെ പരിപാടികള്‍ക്ക് ക്ഷണിക്കാതിരുന്നതില്‍ ആര്‍ എസ് എസിനെതിരെ എഡിറ്റോറിയലില്‍ വിമര്‍ശനവുമുണ്ട്. ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിച്ച് മുസ്ലിംകളെ പ്രീണിപ്പിക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നതായും ശിവ സേന ആരോപിക്കുന്നു. നെഹറൂവിയന്‍ ആശങ്ങളുടെ വക്താവായ പ്രണബിനെ ആര്‍ എസ് എസ് നാഗ്പൂരിലെ ആസ്ഥാനത്തേക്ക് ക്ഷണിച്ചു വരുത്തിയത് ആശ്ചര്യപ്പെടുത്തിയെന്നും സാംനയിലെ പത്രാധിപ കുറിപ്പില്‍ പറയുന്നു.