തിരുവനന്തപുരം - നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഞങ്ങളും അവസരം കിട്ടിയപ്പോഴെല്ലാം സഭയിൽ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷേ, പ്രതിപക്ഷം നടത്തുന്നതുപോലുള്ള സമരങ്ങൾ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും ഇത് എവിടുത്തെ ന്യായമാണെന്നുമായിരുന്നു ശിവൻകുട്ടിയുടെ പ്രസ്താവന.
'ഈ സഭയിൽ ഞങ്ങളൊക്കെ മുമ്പ് അംഗങ്ങളായിരുന്നവരാണ്. ഞങ്ങളൊക്കെ അവസരം കിട്ടിയപ്പോഴെല്ലാം ശക്തമായി പ്രതിഷേധിച്ചിട്ടുമുണ്ട്. പക്ഷേ, ഈ സഭയിൽ ഇപ്പോൾ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും മുമ്പ് ഉണ്ടായിട്ടില്ല. സമാന്തര സഭ ഇതിനു മുമ്പ് ഇവിടെ കൂടിയിട്ടേയില്ല. സഭയ്ക്കുള്ളിലെ സത്യഗ്രഹവും ഇതിനു മുമ്പുണ്ടായിട്ടില്ല. സഭയ്ക്കു പുറത്ത് സത്യഗ്രഹ സമരം നടത്തിയിട്ടുണ്ട്. പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളുടെ കയ്യും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടുത്തതിനാണ് ഈ പ്രതിഷേധം. ഇത് എവിടുത്തെ ന്യായമാണെന്നും' ശിവൻകുട്ടി ചോദിച്ചു.
അതിനിടെ, മന്ത്രിയോട് ഉത്തരത്തിലേക്കു വരൂ എന്നായി സ്പീക്കർ. അപ്പോൾ പ്രതിപക്ഷത്തെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കേണ്ടേ എന്നായി സ്പീക്കറോടുള്ള മന്ത്രിയുടെ മറുചോദ്യം. അവർക്ക് കാര്യങ്ങൾ മനസ്സിലായിട്ടില്ല, അതുകൊണ്ട് പറഞ്ഞതാണെന്നും മന്ത്രി വിശദീകരിച്ചു.
ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലിരിക്കെ, കെ.എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ വി ശിവൻകുട്ടി ഉൾപ്പെടെയുള്ള സി.പി.എം എം.എൽ.എമാരുടെ നേതൃത്വത്തിൽ സഭയിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കിയ അക്രമ സംഭവങ്ങളുടെ കേസ് തുടരവേയാണ് മന്ത്രിയുടെ സാരോപദേശമെന്നത് സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ തീർക്കുകയാണ്. കയ്യാങ്കളിയിലേക്കു നീങ്ങിയ അന്നത്തെ പ്രതിഷേധത്തിനിടെ സ്പീക്കറുടെ കസേര താഴേക്കു എടുത്തെറിയുകയും കമ്പ്യൂട്ടറും മൈക്കും മറ്റും തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ വിമർശകർ ഓർമിപ്പിക്കുന്നു.