Sorry, you need to enable JavaScript to visit this website.

വിവേചനങ്ങളിൽ പ്രതിഷേധിച്ച് നടുത്തളത്തിൽ എം.എൽ.എമാരുടെ സത്യാഗ്രഹം; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം - നിയമസഭക്കുള്ളിലെ സർക്കാർ വിവേചനങ്ങളിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എം.എൽ.എമാർ നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചതോടെ, ഈമാസം 30 വരെ നിശ്ചയിച്ചിരുന്ന 15-ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം അവസാനിപ്പിച്ചു. പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സ്പീക്കർ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ഇന്നും സ്പീക്കർ പരിണിക്കാതെ വന്നതോടെ പ്രതിപക്ഷം കടുത്ത നടപടികളിലേക്ക് പോകുകയായിരുന്നു. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷത്തെ ഉമാ തോമസ്, അൻവർ സാദത്ത്, ടി.ജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എ.കെ.എം അഷ്‌റഫ് എന്നിവർ സഭയിൽ സത്യഗ്രഹമിരിക്കുകയായിരുന്നു.
 തീർത്തും ഏകപക്ഷീയവും ധിക്കാരം നിറഞ്ഞ നടപടികളുമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പിറകോട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ ആവർത്തിച്ചു പ്രഖ്യാപിച്ചു. 
 പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടി.വിയിലൂടെ കാണിക്കുന്നില്ല. തികച്ചും ഏകപക്ഷീയമായി, പ്രതിഷേധങ്ങളൊഴിവാക്കിയുള്ള ദൃശ്യങ്ങളാണ് സഭാ ടിവിയിലൂടെ കാണിക്കുന്നത്. ഇതിനെതിരെ മാധ്യമപ്രവർത്തകരും പത്രപ്രവർത്തക കൂട്ടായ്മകളും സ്പീക്കറെ നേരിട്ട് കണ്ട് സംസാരിച്ചെങ്കിലും പ്രതിപക്ഷ സത്യഗ്രഹ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവര ഇതുവരെയും സഭാ ടി.വിയിലൂടെ വെളിച്ചം കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 ഇന്നും പ്ലക്കാർഡുകളുമായെത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രശ്‌ന പരിഹാരത്തിനായി സർക്കാർ ശ്രമിക്കുന്നില്ലെന്നും ആരോപിച്ചു. അതേസമയം, സഭാ നടത്തിപ്പിനോടുളള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും കേരളം പോലുള്ള നിയമസഭയ്ക്ക് ഇത് ചേർന്നതല്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞ. സ്പീക്കറുടെ റൂളിംങിനെതിരായി സമരം ചെയ്യുന്ന പ്രതിപക്ഷം സഭയെ അവഹേളിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കാർമികത്വത്തിലാണിത് നടക്കുന്നത്. വിഷയത്തിൽ സ്പീക്കറുടെ തീർപ്പ് വേണമെന്നും എം.ബി രാജേഷ് ആവശ്യപ്പെട്ടു. 
 അസാധാരണമായ സംഭവങ്ങളാണ് സഭയിൽ നടക്കുന്നതെന്നും ചെയറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സ്ഥിതിയുണ്ടെന്നും സ്പീക്കർ എ.എൻ ഷംസീർ. ചെയറിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രതിപക്ഷം പുറത്തു പ്രസ് മീറ്റ് നടത്തുന്നു. കടുത്ത നടപടി എടുക്കാമായിരുന്ന സാഹചര്യമായിട്ടും വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇത് പ്രതിപക്ഷത്തിന് യോജിച്ചതാണോ എന്ന് ആലോചിക്കണം. പുനരാലോചന വേണമെന്നും സ്പീക്കർ ഷംസീർ ആവശ്യപ്പെട്ടു.

Latest News