ന്യൂദല്‍ഹി- പ്രതിപക്ഷ ഐക്യത്തെ തള്ളി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. 2024-ല്‍ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം പ്രാവര്‍ത്തികമല്ലെന്നും പ്രതിപക്ഷം അസ്ഥിരവും പ്രത്യയശാസ്ത്രപരമായി വ്യത്യസ്തവുമാണെന്നും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി.പാര്‍ട്ടികളെയോ നേതാക്കളെയോ ഒരുമിച്ച് കൊണ്ടുവന്നത് കൊണ്ട് ഐക്യം ആകില്ലെന്നും ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം എന്നിവയില്‍ രണ്ടെണ്ണത്തെ മറികടക്കാന്‍ കഴിഞ്ഞാലേ ബിജെപിയെ വെല്ലുവിളിക്കാന്‍ കഴിയൂവെന്നും പ്രശാന്ത് കിഷേര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗുണം ചെയ്തില്ലെന്നും അദ്ദേഹം വിലയിരുത്തു. ഹിന്ദുത്വത്തിനെതിരെ പോരാടാന്‍ പ്രത്യയശാസ്ത്രങ്ങളുടെ കൂട്ടുകെട്ട് വേണമെന്നും പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചു.
അതേസമയം, രാജ്യത്ത് പ്രതിപക്ഷ ഐക്യത്തില്‍ ഭിന്നത തുടരുകയാണ്. രാജ്യത്ത് സമ്പൂര്‍ണ്ണ ഐക്യ പ്രതിപക്ഷ ചര്‍ച്ചകള്‍ക്ക് അവസാനമിടുന്ന നീക്കം കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. കോണ്‍ഗ്രസ് ശക്തമായ സംസ്ഥാനങ്ങളില്‍ ചുവട് ഉറപ്പിയ്ക്കുക എന്നതാണ് മമതാ ബാനര്‍ജിയുടെ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. കോണ്‍ഗ്രസ്സിനൊപ്പം ഉറച്ച് നില്‍ക്കുന്ന ഡി.എം.കെ അടക്കമുള്ള പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളും മമതാ ബാനര്‍ജി ആരംഭിച്ചിട്ടുണ്ട്.
റായ് പൂര്‍ പ്ലിനറി സമ്മേളനത്തിലെ രാഷ്ട്രിയ പ്രമേയത്തെ മമത ബാനര്‍ജി സ്വീകരിയ്ക്കും എന്നായിരുന്നു കോണ്‍ഗ്രസ് പ്രതിക്ഷ. മൂന്നു സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ സംയുക്ത പ്രതിപക്ഷ സഖ്യം എന്ന ആശയത്തോട് മുഖം തിരിക്കുകയാണ് മമതാ ബാനര്‍ജി. കോണ്‍ഗ്രസിനും ഇടത് പക്ഷത്തിനും നല്‍കുന്ന ഒരോ വോട്ടും ബി.ജെ.പി്ക്ക് നല്‍കുന്നതിന് തുല്യമാണെന്നതാണ് അവരുടെ വാദം. തന്റെ പാര്‍ട്ടിയ്ക്ക് കോണ്‍ഗ്രസ്സിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ അടുത്ത ലോകസഭയില്‍ ഉറപ്പിയ്ക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്. പശ്ചിമ ബംഗാളിന്റെ പരിധിയ്ക്ക് പുറത്ത് മറ്റ് ചില സംസ്ഥാനങ്ങളില്‍ കൂടി ഈ വിധത്തില്‍ വേരാഴ്ത്താനും ഇങ്ങനെ മമത ആഗ്രഹിയ്ക്കുന്നു. നിലവിലുള്ള സാഹചര്യത്തില്‍ മമതയുടെ നേത്യത്വം അംഗികരിയ്ക്കുക കോണ്‍ഗ്രസ്സിന് ആലോചിയ്ക്കാവുന്നതില്‍ അപ്പുറമാണ്. വരുന്ന 6 സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്തി ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ അധികാരം നേടിയാല്‍ മാത്രമേ തന്റെ ചിന്തയില്‍ നിന്ന് മമതയെയും ത്യണമുള്‍ കോണ്‍ഗ്രസ്സിനെയും പിന്തിരിപ്പിക്കാന്‍ കൊണ്‍ഗ്രസിന് സാധിക്കു.