പോലീസിനെയും ആര്‍.എസ്.എസിനെയും ബി.ജെ.പിയെയുമൊന്നും തനിക്ക് പേടിയില്ലെന്ന് രാഹുല്‍ ഗാന്ധി

കോഴിക്കോട് - വീട്ടില്‍ എത്ര തവണ പോലീസ് വന്നാലും എത്ര കേസുകള്‍ എടുത്താലും സത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി.  ആര്‍.എസ്.എസ്, ബി.ജെ.പി, പോലീസ് എന്നൊക്കെ കേട്ടാല്‍ പലരും പേടിക്കുമായിരിക്കും, പക്ഷേ ഞാന്‍ പേടിക്കില്ലെന്ന് മുക്കത്ത് നടന്ന ബഹുജന കണ്‍വെന്‍ഷനില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.'കൈത്താങ്ങ്' പദ്ധതിയിലൂടെ നിര്‍മിച്ചുനല്‍കിയ ആറു വീടുകളുടെ താക്കോല്‍ ദാനവും രാഹുല്‍ഗാന്ധി നടത്തി.
രാജ്യത്തെ കോടതികള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ഓരോ ദിവസവും ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഒരു വ്യക്തി മാത്രമാണ്. അദ്ദേഹത്തെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തെയോ അല്ലെങ്കില്‍ ബി.ജെ.പിയെയോ, ആര്‍.എസ്.എസിനെയോ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു. റബ്ബറിന്റെയും നാളികേരത്തിന്റെയും വിലത്തകര്‍ച്ച ഒഴിവാക്കുന്നതിനും വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു

 

Latest News