ചെന്നൈ- ജഡ്ജിമാര്‍ക്കിടയിലെ അഴിമതി തുറന്നു കാട്ടി രംഗത്തു വരികയും പിന്നീട് കോടതിയലക്ഷ്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച ചരിത്രം സൃഷ്ടിക്കുകയും ചെയ്ത മദ്രാസ്, കൊല്‍ക്കത്ത ഹൈക്കോടതികളിലെ മുന്‍ ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ തമിഴനാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ഊഴലുക്കു എതിരാന സേയലക്ക കച്ചി (ആന്റി കറപഷന്‍ ഡൈനാമിക് പാര്‍ട്ടി) എന്നാണ് പാര്‍ട്ടിയുടെ പേര്. ചെന്നൈയിലെ അംബേദ്കര്‍ സ്മാരക മന്ദിരത്തിലായിരുന്നു പ്രഖ്യാപന ചടങ്ങ്. കോടതിലക്ഷ്യത്തിന് സുപ്രീം കോടതി ആറു മാസം തടവിനു ശിക്ഷിച്ച കര്‍ണന്‍ ആറു മാസം മുമ്പാണ് ജയില്‍ മോചിതനായത്. ജുഡീഷ്യറിയില്‍ ദളിതര്‍ക്കെതിരെ വിവേചനമുണ്ടെന്നും നേരത്തെ കര്‍ണന്‍ തുറന്നടിച്ചിരുന്നു.
അഴിമതിയാണ് ആദ്യ പരിഹരിക്കേണ്ട പ്രശ്‌നമെന്നും അതു കൊണ്ട് അഴിമതി വിരുദ്ധ പാര്‍ട്ടി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളിലേയും ജുഡീഷ്യറിയിലേയും അഴിമതി വേരോടെ പിഴുതെറിയുക എന്നതാണ് സ്ഥാപിത ലക്ഷ്യമെന്നും കര്‍ണന്‍ വ്യക്തമാക്കി. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം 543 മണ്ഡലങ്ങളിലും വനിതാ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തെരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സഖ്യം സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.