ഗ്രേറ്റര്‍ നോയ്ഡ- ദല്‍ഹിക്കടുത്ത നോയ്ഡയിലെ ഒരു ഗ്രാമത്തില്‍ രണ്ടു ദിവസം മുമ്പ് കണ്ടെത്തിയ പിഞ്ചു ബാലികയുടെ മൃതദേഹം 12 വയസ്സുകാരന്‍ ബാലന്‍ കഴുത്ത് ഞെരിച്ചു കൊന്നു തള്ളിയതാണെന്ന് തെളിഞ്ഞു. ലൈംഗിക പീഡന ശ്രമത്തിനിടെയാണ് ബാലന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ബാലനെതിരെ കേസെടുത്ത ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരു അയല്‍വാസിയുടെ വീട്ടില്‍ നിന്നും കാണാതായ കുഞ്ഞിനെ 14 മണിക്കൂറിനു ശേഷം സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ബുധനാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മുഖത്തും കഴുത്തിലും പുറംഭാഗത്തും ഗുരുതര പരിക്കുകളുണ്ടായിരുന്നു. വലതു കണ്ണും അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. ബാലന്‍ ഇഷ്ടിക കൊണ്ട് കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്.
അയല്‍വാസിയുടെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുഞ്ഞിനെ അവിടെ നിന്നാണ് എടുത്തു കൊണ്ടു പോയതെന്ന് ബാലന്‍ പോലീസിനോട് സമ്മതിച്ചു. കുഞ്ഞ് കരഞ്ഞപ്പോള്‍ ശബ്ദം പുറത്തു വരാതിരിക്കാന്‍ ഇഷ്ടിക കൊണ്ട് അടിച്ചും കഴുത്ത് ഞെരുക്കിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബാലന്‍ പോലീസിനോട് വെളിപ്പെടുത്തിയത്.
സമീപത്തെ ഒരു വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ബാലനെ പിടികിട്ടിയത്. ബാലന്‍ കുഞ്ഞിനെ എടുത്തു കൊണ്ടു പോകുന്ന ദൃശ്യം വീഡിയോയില്‍ കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശ വാസികളില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. ബാലന്‍ മൊബൈല്‍ ഫോണിന് അടിമയാണെന്നും മൊബൈലില്‍ നീലചിത്രങ്ങള്‍ കാണുന്നത് പതിവാണെന്നും അയല്‍ക്കാര്‍ പോലീസിനു മൊഴിനല്‍കിയ മൊഴിയില്‍ പറയുന്നു.
പെണ്‍കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് അച്ഛന്‍ ബന്ധുക്കള്‍ക്കെതിരെ കൊലപാതക പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് ബാലന് തെളിഞ്ഞതോടെ ഈ പരാതി പോലീസ് തള്ളി.