Sorry, you need to enable JavaScript to visit this website.

മോഡി എന്നാൽ ഇന്ത്യയല്ല, മോഡിയെ വിമർശിക്കുന്നത് രാജ്യത്തിന് എതിരല്ല-രാഹുൽ

ബംഗളൂരു- പ്രധാനമന്ത്രി മോഡി എന്നാൽ ഇന്ത്യയല്ലെന്നും മോഡിക്കും സർക്കാറിനും എതിരെ സംസാരിക്കുന്നത് രാജ്യത്തിന് എതിരല്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടകയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രിയെയോ സർക്കാരിനെയോ വിമർശിക്കുന്നത് ഒരു തരത്തിലും ഇന്ത്യയ്‌ക്കെതിരായ ആക്രമണമല്ല. മോഡിക്കെതിരെ സംസാരിക്കുന്നതിനാൽ എന്ത് പ്രതിസന്ധിയുണ്ടെങ്കിലും അത് നേരിടാൻ തയ്യാറാണ്. എന്തുവന്നാലും സത്യം വിളിച്ചുപറയും. സത്യത്തിന് വേണ്ടി പോരാടുമെന്നും രാഹുൽ വ്യക്തമാക്കി. ഇന്നലെ(ഞായർ) രാഹുലിന്റെ വസതിക്ക് മുന്നിൽ ദൽഹി പോലീസ് മണിക്കൂറുകളോളം കാത്തുനിന്നിരുന്നു. 

ഭാരത് ജോഡോ യാത്രയിലെ പരാമർശത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ദൽഹി പോലീസ് മണിക്കൂറുകളോളം കാത്തിരുന്നത് . ദൽഹി തുഗ്ലക്ക് ലെയിനിലെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിലാണ് പോലീസ് കാത്തിരുന്നത്. പോലീസ് തിരിച്ചുപോയതിന് പിന്നാലെ കാർ സ്വയം ഓടിച്ച് രാഹുൽ ഗാന്ധി വീട്ടിൽനിന്ന് പുറത്തുപോയി. ഒന്നര മാസം മുമ്പ് കശ്മീരിൽ ഭാരത് ജോഡോ യാത്ര അവസാനിച്ചപ്പോൾ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ദൽഹി പോലീസ് രാഹുലിന് നോട്ടീസ് നൽകിയത്. 
അതേസമയം, ബലാത്സംഗത്തിന് ഇരയായ സ്ത്രീകളോട് സംസാരിച്ചെന്ന പരാമർശത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ ദൽഹി പോലീസിനോട് സമയം തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവരങ്ങൾ ശേഖരിക്കാൻ സമയം വേണമെന്ന പരാമർശത്തിൽ വിശദീകരണം തേടി വസതിയിലെത്തിയ ദൽഹി പോലീസിനോട് രാഹുൽ അറിയിച്ചു. കൂട്ടബലാത്സംഗത്തിനിരയായ രണ്ട് സ്ത്രീകളോട് ഭാരത് ജോഡോ യാത്രക്കിടെ സംസാരിച്ചുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനെത്തുടർന്ന് ഇരയായ വ്യക്തികളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് രാഹുലിന് ദൽഹി പോലീസ് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഉദ്യോഗസ്ഥർ രാഹുലിന്റെ ദൽഹിയിലെ വസതിയിലെത്തിയത്.
സ്‌പെഷ്യൽ പോലീസ് കമ്മീഷണർ സാഗർ പ്രീത് ഹൂഡയും ദൽഹി ഡി.സി.പിയും ഉൾപ്പെടെയുള്ള പോലീസ് സംഘമാണ് ഇന്ന് പുലർച്ചെ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയത്. തങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകാമെന്ന് ഉറപ്പ് നൽകിയതായി രാഹുലുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം ഹൂഡ വ്യക്തമാക്കി. പോലീസ് അയച്ച നോട്ടീസ് രാഹുൽ സ്വീകരിച്ചെന്നും ചോദ്യം ചെയ്യൽ ആവശ്യമെങ്കിൽ അതുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ജോഡോ ഒരു നീണ്ട യാത്രയായിരുന്നു. അതിൽ കണ്ടുമുട്ടിയ ആളുകളുമായി സംസാരിച്ച വിഷയങ്ങൾ സമാഹരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് രാഹുൽ ഗാന്ധി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. വിവരം ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

 

അതേസമയം, അദാനി വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര നീക്കമാണ് ദൽഹി പോലീസിന്റെ  നീക്കത്തിന് പിന്നിലെന്നാണ് കോൺഗ്രസിന്റെ ആരോപണം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സ്ത്രീകൾക്ക് അവരുടെ പ്രശ്‌നങ്ങളും വേദനകളും തുറന്നു പറയാൻ അവസരമൊരുക്കി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭയന്നിരിക്കുകയാണെന്നാണ് ദൽഹി പോലീസിന്റെ നീക്കത്തിൽനിന്ന് വ്യക്തമാകുന്നത്. അദാനി വിഷയത്തിൽ നരേന്ദ്ര മോഡിക്കുള്ള പങ്ക് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നതിൽ അദ്ദേഹത്തിന് ഭയമുണ്ട്. ഇത്തരമൊരു നീക്കത്തിന് പിന്നിലെ കാരണമതാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇത്തരം നീക്കങ്ങൾക്ക് തങ്ങളെ തകർക്കാനോ ഭയപ്പെടുത്താനോ സാധിക്കില്ലെന്നും ഉത്തരം കിട്ടുന്നതുവരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. എന്നാൽ അക്രമത്തിനിരയായവരുടെ വിവരങ്ങൾ രാഹുൽ ഗാന്ധി വെളിപ്പെടുത്തിയാൽ മാത്രമല്ലേ സ്ത്രീകൾക്ക് നീതി ലഭിക്കൂ എന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം.
 

 

Latest News