ഇസ്ലാമാബാദ്- ബോളിവൂഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍റെ അര്‍ധ സഹോദരി നൂര്‍ ജഹാന്‍ പാക്കിസ്ഥാനില്‍ ജുലൈ 25-ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.
ഖൈബര്‍ പഖ്തുന്‍ഖ്വ നിയമസഭയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക ഇവര്‍ സമര്‍പ്പിച്ചു.നൂര്‍ ജഹാന്‍ നേരത്തെയും നിയമസഭാംഗമായിരുന്നു. സഹോദരന്‍ മന്‍സൂറാണ് നൂര്‍ ജഹാന്‍റെ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പു തന്നെ സ്വാതന്ത്ര സമര പോരാളി ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍റെ നേതൃത്വത്തിലുള്ള ഖുദായ് ഖിദ്മത്ത്ഗര്‍ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു തങ്ങളുടെ കുടുംബമെന്നും മന്‍സൂര്‍ പറയുന്നു. 1929-ല്‍ തുടങ്ങിയ ഈ പ്രസ്ഥാനം ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒട്ടേറെ ജനകീയ പ്രതിരോധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാക്കിസ്ഥാന്‍ അവാമി നാഷണല്‍ പാര്‍ട്ടി നൂര്‍ ജഹാനെ സീറ്റ് വാഗ്ദാനവുമായി സമീപിച്ചിരുന്നു. സ്ത്രീ സംവരണമുള്ള മണ്ഡലത്തില്‍ മത്സരിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. ഇതു നിരസിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു നൂര്‍ ജഹാന്‍.