സാന്‍ഫ്രാന്‍സിസ്‌കോ- ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാര്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടത്തി. ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനു നേരെ ഞായറാഴ്ച നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യു. എസിലും ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അക്രമിച്ചത്.
ആക്രമണത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍- അമേരിക്കക്കാര്‍ രംഗത്തെത്തി.
ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ സിറ്റി പൊലീസിന്റെ താത്ക്കാലിക സുരക്ഷാ തടസ്സങ്ങള്‍ തകര്‍ത്താണ് കോണ്‍സുലേറ്റിനുള്ളില്‍ കയറി രണ്ട് ഖാലിസ്ഥാനി പതാകകള്‍ സ്ഥാപിച്ചത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഈ പതാകകള്‍ നീക്കം ചെയ്തു. എന്നാല്‍ ്അതിനു പിന്നാലെ രോഷാകുലരായ ഒരു കൂട്ടം പ്രതിഷേധക്കാര്‍ കോണ്‍സുലേറ്റ് വളപ്പില്‍ പ്രവേശിച്ച് കൈയിലുണ്ടായിരുന്ന വടികള്‍ ഉപയോഗിച്ച് വാതിലുകളിലും ജനലിലും അടിക്കുകയായിരുന്നു.
നയതന്ത്ര ദൗത്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള പ്രതിജ്ഞാബദ്ധത പാലിക്കുന്നതില്‍ യു. കെയും യു. എസും പരാജയപ്പെട്ടുവെന്നത് വളരെ ആശങ്കാജനകമാണെന്ന് ഇന്ത്യന്‍ഡ- അമേരിക്കക്കാര്‍ പറഞ്ഞു.