തായിഫ്- മലയാളി കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച കാറപകടത്തില്‍ പരിക്കേറ്റ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസല്‍ ആശുപത്രിയില്‍ തുടരുന്നു. ഭാര്യാ പിതാവ് അബ്ദുല്‍ ഖാദറിനെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഫൈസലിനെ ഫിസയോ തെറാപ്പിക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുമെന്നും തുടര്‍ന്ന് ഡോക്ടർമാരുടെ അഭിപ്രായം കണക്കിലെടുത്ത് ഉചിതമായ സമയത്ത് നാട്ടിലെത്തിക്കുമെന്നും കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അംഗം മുഹമ്മദ് ഷമീം നരിക്കുനി അറിയിച്ചു.
അപകടത്തില്‍ മരിച്ച ഫൈസലിന്റെ ഭാര്യാമാതാവ് സാബിറ (53) ഫൈസലിന്റെ മക്കളായ അഭിയാന്‍ (7), അഹിയാന്‍( 4) എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം തായഫിലെ ഇബ്‌റാഹീം അല്‍ ജഫാലീ മഖ്ബറയില്‍ ഖബറടക്കി. നാട്ടിലെയും സൗദിയിലെയും ബന്ധുക്കളുടക്കം വലിയ ജനാവലി മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്കത്തിലും സംബന്ധിച്ചു. ദോഹയില്‍ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാരനായ ഫൈസല്‍ കുടുംബസമേതം ഉംറക്കായി സൗദിയിലെത്തിയപ്പോഴാണ് തായിഫിനു സമീപം കാര്‍ മറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയായായിരുന്നു അപകടം. മരിച്ച സാബിറ ഒരാഴ്ച മുമ്പാണ് മകളോടും പേരമക്കളോടുമൊപ്പം കഴിയാന്‍ ദോഹയിലെത്തിയത്. ഹയാ സന്ദര്‍ശന വിസയിലായിരുന്നു മരിച്ച സാബിറയും ഭര്‍ത്താവ് അബ്ദുല്‍ ഖാദറും ഖത്തറിലെത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)