ഇസ്ലാമാബാദ്- മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടി പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫിനെ നിരോധിത സംഘടനയായി പ്രഖ്യാപിക്കാനുള്ള നിയമനടപടികള്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ല. ഇക്കാര്യത്തില്‍ ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസിന്റെ നിയമസംഘം ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും റാണ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അവസാന തീരുമാനം കോടതിയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇമ്രാന്‍ ഖാന്‍ 'ഭയത്തിന്റെ അന്തരീക്ഷം' സൃഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ലാഹോറിലെ 'നോ ഗോ ഏരിയ'ക്കെതിരെ പഞ്ചാബ് പോലീസും മറ്റ് നിയമ നിര്‍വ്വഹണ ഏജന്‍സികളും ചേര്‍ന്ന് ഓപ്പറേഷന്‍ നടത്തിയ കാര്യം സൂചിപ്പിച്ച മന്ത്രി കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിനിടയില്‍ ചെറുത്തുനില്‍പ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നും തീവ്രവാദ സംഘടനയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്കകളിലേക്ക് ഇക്കാര്യങ്ങള്‍ നയിച്ചെന്നും റാണ വിശദമാക്കുന്നു.
സല്‍മാന്‍ പാര്‍ക്കിലെ നോ ഗോ ഏരിയയിില്‍ നിന്നും പെട്രോള്‍ ബോംബ് നിര്‍മാണ ഉപകരണങ്ങളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായും കെട്ടിടത്തിന്റെ പുറംഭാഗത്ത് നിന്ന് 65 പേരെ അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു. അറസ്റ്റിലായവര്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരല്ലെന്നത് സംശയാസ്പദമാണെന്നും ആഭ്യന്തര മന്ത്രി വിശദമാക്കി.
സമാന്‍ പാര്‍ക്കിലെ പോലീസ് റെയ്ഡ് ലാഹോര്‍ ഹൈക്കോടതി ഉത്തരവുകളുടെ ഗുരുതരമായ ലംഘനമാണെന്നും മറിയം നവാസിന്റെയും റാണയുടെയും നിര്‍ദ്ദേശപ്രകാരമാണ് പോലീസ് ഓപ്പറേഷന്‍ നടത്തിയതെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പ്രസിഡന്റുമായ ചൗധരി പര്‍വേസ് ഇലാഹി കുറ്റപ്പെടുത്തി.
ഇമ്രാന്‍ ഖാന്റെ വസതിയുടെ ഗേറ്റ് പൊളിക്കാന്‍ പോലീസ് കനത്ത യന്ത്രങ്ങള്‍ ഉപയോഗിച്ചതിനാല്‍ തലസ്ഥാന നഗരത്തിലെ പോലീസ് ഓഫീസര്‍ തന്നെ ഓപ്പറേഷന് നേതൃത്വം നല്‍കിയതായാണ് പാക് മാധ്യമം ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന്ത്.
കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ നടന്ന പാര്‍ലമെന്റ് വോട്ടെടുപ്പില്‍ ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് പിന്നാലെയാണ് നിയമ നടപടികള്‍ തുടങ്ങിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ഇമ്രാന്‍ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്.