Sorry, you need to enable JavaScript to visit this website.

വ്യാജവീഡിയോ പ്രചരിപ്പിച്ച യുട്യൂബറെ 22 വരെ റിമാന്‍ഡ് ചെയ്തു

ചെന്നൈ/പട്ന- വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ യുട്യൂബര്‍ മനീഷ് കശ്യപിനെ മാര്‍ച്ച് 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട്ടില്‍ ബീഹാര്‍ കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണം നടക്കുന്നതായാണ് വ്യാജ വീഡിയോ തയാറാക്കി അപ് ലോഡ് ചെയ്തത്.  ഇല്ലാത്ത സംഭവങ്ങളുടെ പേരില്‍ കിംവദന്തികള്‍ പ്രചരിപ്പിച്ചെന്നാണ്  ഇയാള്‍ക്കെതിരായ ആരോപണം. നിരവധി പോലീസ് സംഘങ്ങള്‍ തിരച്ചില്‍ നടത്തിയതിന് ശേഷമാണ് പ്രതി ബീഹാറിലെ ചമ്പാരണ്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയത്.
പട്‌ന, ചമ്പാരണ്‍ പോലീസ് സംഘങ്ങള്‍ക്കൊപ്പം സാമ്പത്തിക കുറ്റകൃത്യ യൂണിറ്റും ആറ് പ്രത്യേക അന്വേഷണ സംഘങ്ങളും (എസ്‌ഐടി) വെള്ളിയാഴ്ച മുതല്‍ കശ്യപുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ശേഷം മനീഷ് കശ്യപിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബീഹാര്‍ പുത്രന്‍ എന്നു വിശേഷിപ്പിക്കുന്ന മനീഷ് കശ്യാപ് 2020ല്‍ ബിഹാറിലെ ചമ്പതിയ അസംബ്ലി സീറ്റിലേക്ക് മത്സരിച്ചിരുന്നു. നാമനിര്‍ദ്ദേശ പത്രികയില്‍ മനീഷ് തന്റെ പേര് ത്രിപുരാരി കുമാര്‍ തിവാരി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതാണ് തന്റെ യഥാര്‍ത്ഥ പേരെന്ന് എഞ്ചിനീയറിംഗ് പഠിച്ച ശേഷം യൂട്യൂബറായി മാറിയ മനീഷ് പറയുന്നു.
ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് ആയിരങ്ങള്‍ കണ്ട  വ്യാജ വീഡിയോയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, ബിഹാറിന്റെയും തമിഴ്‌നാട് പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു കശ്യപ്.
സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികളെ പീഡിപ്പിക്കുന്നുവെന്ന ആരോപണം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിഷേധിച്ചു. തൊഴിലാളികള്‍ ആക്രമിക്കപ്പെടുകയില്ലെന്ന് അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉറപ്പുനല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News