പാലക്കാട് : കേരള പോലീസിന് എപ്പോഴും പഴിയാണ് കേള്‍ക്കാറുള്ളത്. എതാനും ചില ഉദ്യോഗസ്ഥരുടെ കൈയ്യിലിരിപ്പുകൊണ്ട് ഒരു സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്ന പ്രവൃത്തികളാണ് പലപ്പോഴും നടക്കാറ്. എന്നാല്‍ യഥാര്‍ത്ഥ ജനസേവകരാകുകയും മനുഷ്യത്വത്തിന് വിലമതിക്കുകയും അതിന് വേണ്ടി തങ്ങളുടെ അധികാരം ഉപയോഗിക്കുകയും ചെയ്യുന്ന ഒരുപാട് പേര് പോലീസ് സേനയിലുണ്ട്. അത്തരത്തിലുള്ള വാര്‍ത്തയാണ് ഇക്കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലും കാസര്‍ഗോഡ് മേല്‍പ്പറമ്പ് പോലിസ് സ്റ്റേഷനിലും ഉണ്ടായത്.
ഗതാഗതക്കുരുക്കില്‍ കുടുങ്ങി പരീക്ഷ മുടങ്ങുമെന്ന് പേടിച്ച് കരഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ മൂന്ന് പെണ്‍കുട്ടികളെ കൃത്യ സമയത്ത് പരീക്ഷാ ഹാളിലെത്തിച്ചാണ് കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മാതൃകയായത്.
വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ മറന്നുവെച്ച ഹാള്‍ ടിക്കറ്റ് 12 കിലോമീറ്റര്‍ ബുള്ളറ്റില്‍ പറന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിലെത്തിച്ചതാണ് രണ്ടാമത്തെ സംഭവം.
ഈ രണ്ടു സംഭവങ്ങളും കേരള പോലിസ് തന്നെ അവരുടെ ഫെയ്സ് ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെയാണ് : ' ഗതാഗതക്കുരുക്കില്‍ കുടുങ്ങി പരീക്ഷ മുടങ്ങുമെന്നായപ്പോള്‍ ആ മൂന്നു പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് ഓടിച്ചെന്നത് പൊലീസ് സ്റ്റേഷനിലേക്കാണ്. ഒരു നിമിഷം പോലും വൈകാതെ മൂവരെയും ജീപ്പിലിരുത്തി പൊലീസുകാര്‍ പരീക്ഷാ ഹാളിലെത്തിച്ചു. വണ്ടിത്താവളം കെ കെ എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം പ്ലസ് വണ്‍ വിദ്യാര്‍ഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണു കൊല്ലങ്കോട് പൊലീസ് സമയത്തു സ്കൂളിലെത്തിച്ചത്.
കൊല്ലങ്കോട്ടു നിന്നു വടവന്നൂര്‍ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലാണു കുട്ടികള്‍ കയറിയത്. ഒന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ആലമ്പള്ളം ചപ്പാത്തിലായിരുന്നു ഗതാഗത തടസ്സം. ഗുഡ്സ് ഓട്ടോ കേടുവന്നു ചപ്പാത്തില്‍ കുരുങ്ങിയതായിരുന്നു പ്രശ്നം. കൃത്യസമയത്തു സ്കൂളില്‍ എത്തിക്കാന്‍ കഴിയില്ലെന്നു ബസുകാര് അറിയിച്ചതോടെ പല വാഹനങ്ങള്‍ക്കും കൈകാട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. ടാക്സി വാഹനങ്ങളില്‍ പോകാന്‍ പണമില്ലായിരുന്നു. ഇതോടെയാണു കുട്ടികള്‍ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തിയത്. കുട്ടികളെ സമയത്ത് എത്തിക്കാമെന്നു പൊലീസ് തന്നെ സ്കൂളില്‍ അറിയിച്ചു.
ഉടനെ തന്നെ പൊലീസ് വാഹനത്തില്‍ മൂവരെയും കയറ്റി വണ്ടിത്താവളത്തെ പരീക്ഷാ ഹാളില്‍ കൃത്യസമയത്ത് എത്തിച്ചു. അധ്യാപകരെ കണ്ടു വിവരമറിയിച്ചു കുട്ടികള്‍ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണു പൊലീസ് മടങ്ങിയത്. '
കാസര്‍ഗോഡ് മേല്‍പ്പറമ്പ് പോലിസ് സ്റ്റേഷനില്‍ ഉണ്ടായ സംഭവം ഇങ്ങനെ :
'വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ മറന്നുവച്ച ഹാള്‍ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ബുള്ളറ്റില്‍ പറന്നത് 12 കിലോമീറ്റര്‍.
പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജിലെ വിദ്യാര്‍ഥികളും പയ്യന്നൂര്‍, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹല്‍, കെ.കെ.അന്‍ഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാല്‍ എന്നിവര്‍ എസ് എസ് എല്‍ സി രസതന്ത്രം പരീക്ഷ എഴുതാന്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് സ്കൂളില്‍ എത്തിയപ്പോഴാണ് ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. മാവേലി എക്സ്പ്രസിന് കാസര്‍കോഡ് ഇറങ്ങിയ വിദ്യാര്‍ഥികള്‍ പുതിയ ബസ് സ്റ്റാന്‍ഡിലെത്തി ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയിരുന്നു. അതിനിടെയാണ് ചട്ടഞ്ചാല്‍ ഭാഗത്തേക്കുള്ള ബസ് എത്തിയത്. തിടുക്കത്തില്‍ ബസില്‍ കയറിയ വിദ്യാര്‍ഥികള്‍ 12 കിലോമീറ്റര്‍ പിന്നിട്ട് ചട്ടഞ്ചാല്‍ ഇറങ്ങിയപ്പോഴാണ് ഒരു ബാഗ് ഇല്ലെന്നു കണ്ടത്. എസ് എസ് എല്‍ സി പരീക്ഷ എഴുതാനുള്ള 5 വിദ്യാര്‍ഥികളുടെയും ഹാള്‍ ടിക്കറ്റ് ആ ബാഗിലായിരുന്നു. 9.30നു മുന്‍പ് ഹാള്‍ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ പരീക്ഷയെഴുതാന്‍ കഴിയില്ല. അപ്പോഴേക്കും സമയം ഒന്‍പത് മണികഴിഞ്ഞിരുന്നു.
പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഓടിയെത്തി വിവരം പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപന്, സി.പി.ഒ ശ്രീജിത്ത് എന്നിവര്‍ വിവരം കണ്ട്രോള് റൂമിലേക്കും അവിടെ നിന്ന് സ്ട്രൈക്കര്‍ ഫോഴ്സിലെ ഓഫീസര്‍ പി.വി നാരായണനും കൈമാറി. തൊട്ടുപിന്നാലെ സ്ട്രൈക്കര്‍ ഫോഴ്സിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ , മുകേഷ് എന്നിവര്‍ ചട്ടഞ്ചാലിലേക്ക് ഓടുകയായിരുന്നു. സമയത്തിന്റെ മൂല്യമറിഞ്ഞ് പോലീസ്, വിദ്യാര്‍ഥികള്‍ ചായ കുടിച്ച ഹോട്ടലില്‍ ചെന്ന് ബാഗ് കണ്ടെടുത്തു. കുട്ടികളെ മേല്‍പ്പറമ്പ് സ്റ്റേഷനില്‍ നിന്ന് പോലീസ് വാഹനത്തില്‍ സ്കൂളില്‍ എത്തിക്കുകയും ചെയ്തു. കരച്ചലിന്റെ വക്കോളമെത്തിയ കുട്ടികള്‍ പോലീസുകാര്‍ക്ക് നന്ദി പറഞ്ഞ് പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചു. പരീക്ഷ കഴിഞ്ഞതിന് ശേഷം പോലീസ് സ്റ്റേഷനില്‍ എത്തി മധുരപലഹാരം നല്കിയ ശേഷമാണ് പഴയങ്ങാടിയിലേക്ക് ഈ കുട്ടികള്‍ മടങ്ങിയത്. '