Sorry, you need to enable JavaScript to visit this website.

ഫലസ്തീനും ഇസ്രായേലും സമാധാന ചര്‍ച്ചകള്‍ക്ക്

കെയ്‌റോ- യു. എസിന്റേയും ജോര്‍ദാന്റേയും മധ്യസ്ഥതയില്‍ ഈജിപ്തിലെ ശാര്‍മ് അല്‍ ഷെയ്ഖില്‍ ഇസ്രായേലും ഫലസ്തീനും സമാധാന ചര്‍ച്ചകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. റമദാന് മുന്നോടിയായാണ് ചര്‍ച്ചയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇസ്രായേലിലേയും ഫലസ്തീനിലേയും രാഷ്ട്രീയ സുരക്ഷാ വിഭാഗങ്ങളിലെ ഉന്നതരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്നാണ് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.  

ഏതാനും ആഴ്ചകളായി മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് സമവായ ശ്രമങ്ങള്‍ക്ക് ജോര്‍ദ്ദാന്‍ ശ്രമം നടത്തിയത്. ഫെബ്രുവരിയില്‍ ജോര്‍ദ്ദാനില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നു. 

പുതിയ വര്‍ഷം ആരംഭിച്ച് മൂന്ന് മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇസ്രായേല്‍ ആക്രമണത്തില്‍ 16 കുട്ടികള്‍ ഉള്‍പ്പെടെ 86 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത് കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നാണ്. ഹുവാരയില്‍ ഇസ്രായേലി പൗരന്മാര്‍ നടത്തിയ ആക്രമണത്തില്‍ മുപ്പത്തി അഞ്ച് ഫലസ്തീനികളുടെ വീടുകള്‍ തകരുകയും നൂറോളം കാറുകള്‍ അഗ്നിക്ക് ഇരയാവുകയും ചെയ്തിരുന്നു.
 

Latest News