പത്തനംതിട്ട - രാജധാനി എക്‌സ്പ്രസില്‍ സഹയാത്രികനായ സൈനികന്‍ മദ്യം നല്‍കി പീഡിപ്പിച്ചുവെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയുടെ പരാതിയില്‍ സൈനികനായ പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനില്‍ അന്നേദിവസം യാത്ര ചെയ്ത എല്ലാവരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
ട്രെയിനില്‍വച്ച് മദ്യം നല്‍കിയെന്ന യുവതിയുടെ വാദം ശരിയാണെന്നും, എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും പ്രതീഷ് പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പീഡന വിവരത്തെക്കുറിച്ച് യുവതി ആദ്യം പറഞ്ഞത് സ്വന്തം ഭര്‍ത്താവിനോടാണ്. ഇയാളാണ് യുവതിയെയും കൂട്ടി തിരുവനന്തപുരം സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. വ്യാഴാഴ്ച വൈകിട്ട് മൂന്നിനും ഏഴിനും ഇടയിലാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.
യുവതി ഉഡുപ്പിയില്‍നിന്നാണ് ട്രെയിനില്‍ കയറിയത്. ട്രെയിനിന്റെ അപ്പര്‍ ബര്‍ത്തില്‍ ഇവര്‍ക്ക് ഒപ്പം കയറിയ സൈനികന്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് പ്രതീഷ് നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ ആയ തന്നെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും, മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ ഉച്ചത്തില്‍ കരയാന്‍പോലും കഴിഞ്ഞിരുന്നില്ലെന്നും വിദ്യാര്‍ഥിനി പറയുന്നു.
പിന്നീട് ബോധം വന്നപ്പോഴാണ് സൈനികന്‍ തന്നെ ചൂഷണം ചെയ്തതായി ഇവര്‍ മനസിലാക്കുന്നത്. ഇതിനിടെ സൈനികന്‍ അറിയാതെ അയാളുടെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനി പകര്‍ത്തിയിരുന്നു. രാജധാനി എക്‌സ്പ്രസില്‍ എറണാകുളത്തിനും ആലപ്പുഴക്കും ഇടയില്‍ വച്ചാണ് സംഭവം. ജമ്മു കശ്മീരില്‍ സൈനികനായ ഇയാള്‍ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. പത്തനംതിട്ട കടപ്ര സ്വദേശിയായ ഇയാളെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.