പാലക്കാട്- തന്നെ മുഖ്യമന്ത്രിയുടെ മരുമകന് എന്ന് വിളിക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ലെന്നും അത്തരം വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. താന്‍ മുഖ്യമന്ത്രിയുടെ മരുമകന് ആണ് എന്നത് യാഥാര്‍ത്ഥ്യമാണെന്നും അതു പറഞ്ഞ് വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് ചായയോ ബിരിയാണിയോ വാങ്ങിക്കൊടുക്കാനാണ് തോന്നാറുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമസഭ നല്ല രീതിയില്‍ നടത്താന്‍ പ്രതിപക്ഷത്തിന് താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മരുമകന് എന്ന് തന്നെ വിളിക്കുന്നതില്‍ ഒരു പ്രശ്നവുമില്ല. അത് യാഥാര്‍ത്ഥ്യമാണ്. നിയമസഭ നടത്താതിരിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം. ആര്.എസ്.എസിന്റെ ഏജന്റുമാരായി തങ്ങളുടെ ചില നേതാക്കള്‍ മാറുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. കേന്ദ്രസര്‍ക്കാരിനെതിരേ ഒരു വിമര്‍ശനവും പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്നില്ല. കെ.കെ.രമ എം.എല്‍.എക്കെതിരായി നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. സഭയില്‍ ചര്‍ച്ച വേണോ എന്നത് പ്രതിപക്ഷമാണ് തീരുമാനിക്കേണ്ടത്. വാച്ച് ആന്റ് വാര്‍ഡ് ജീവനക്കാര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റ സാഹചര്യമുണ്ട്- മുഹമ്മദ് റിയാസ് പറഞ്ഞു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)