തിരുവനന്തപുരം - പ്രതിപക്ഷ എം.എല്‍.എമാര്‍ക്കുനേരെ നിയമസഭയിലുണ്ടായ അതിക്രമത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ നാളെ സഭാ സമ്മേളനം പുനരാരംഭിക്കും. സഭാനടപടികള്‍ സുഗമമായി നടക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം ഭരണകക്ഷി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം ഉന്നയിച്ച പ്രധാന പരാതികള്‍ക്ക് സ്പീക്കര്‍ പരിഹാരം കണ്ടില്ലെങ്കില്‍ സഭ സ്തംഭിക്കും.
എം.എല്‍.എമാര്‍ നല്‍കിയ പരാതിയില്‍ പോലീസ് നടപടി ആരംഭിച്ച സാഹചര്യത്തില്‍ വിഷയം സഭയില്‍ ഉന്നയിക്കണമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. ഇത് സംബന്ധിച്ച കേസില്‍ നിയമസഭാ മന്ദിരത്തിനുള്ളില്‍ കയറി തെളിവ് ശേഖരിക്കാന്‍ അനുവാദം തേടി പോലീസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. പരാതിക്കാരും ആരോപണവിധേയരുമായ എം.എല്‍.എമാരുടെയും വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാന്‍ സ്പീക്കറുടെ അനുമതി വേണം. സ്പീക്കര്‍ എ.എന്‍.ഷംസീറുമായി ആലോചിച്ചശേഷം പോലീസിന് അനുമതി നല്‍കുന്ന കാര്യത്തില്‍ നിയമസഭാ സെക്രട്ടറി അന്തിമ തീരുമാനമെടുക്കും.
നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംഘര്‍ഷം ലഘൂകരിക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കണ്ടിരുന്നു. ധനകാര്യ ബില്ലും ഏതാനും നിയമനിര്‍മാണങ്ങളും പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് സതീശനോടു മന്ത്രി അഭ്യര്‍ഥിച്ചു. അടിയന്തരപ്രമേയ നോട്ടീസുകള്‍ തുടര്‍ച്ചയായി നിഷേധിക്കുന്ന രീതി പുനഃപരിശോധിക്കണമെന്നും സ്പീക്കറുടെ ഓഫീസ് ഉപരോധത്തിന്റെ പേരില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷം സഭയില്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ വി.ഡി. സതീശനുമായി സമവായചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്. സഭാസമ്മേളനം തുടങ്ങുംമുമ്പ് മുഖ്യമന്ത്രിയും സതീശനും തമ്മില്‍ കൂടിക്കാഴ്ച നടത്തും. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് സാധ്യമാവൂ എന്നും നിലപാടില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നു സതീശന്‍ പറഞ്ഞു. പൂച്ചക്കുട്ടികളെ പോലെ സഭയില്‍ വന്നിരിക്കാന്‍ തങ്ങളെ കിട്ടില്ല. രാവിലെ എട്ടിന് ചേരുന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും സതീശന്‍ പറഞ്ഞു.