വിശാഖപട്ടണം- രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ കശക്കിയെറിഞ്ഞ് ഓസീസ് വിജയം. പത്തു വിക്കറ്റിനാണ് ഇന്ത്യയെ ഓസീസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 117 റൺസിന് പുറത്തായ ഇന്ത്യക്ക് എതിരെ 11 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഓസീസ് വിജയം സ്വന്തമാക്കി. 30 പന്തിൽ 51 റൺസ് എടുത്ത ട്രാവിസ് ഹെഡും 36 പന്തിൽ 66 റൺസ് എടുത്ത മിച്ചൽ മാർഷുമാണ് കളി അതിവേഗം തീർത്തത്. മാർഷ് ആറു സിക്‌സും അഞ്ചു ഫോറും നേടി. ഹെഡ് പത്തു ഫോറും അടിച്ചെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വൻ തിരിച്ചടിയാണ് റണ്ണൊഴുകുമെന്ന് പ്രചവിക്കപ്പെട്ട വിശാഖപട്ടണം പിച്ചിൽ സംഭവിച്ചത്. ഇരുപത്താറോവറിൽ 117 ന് ഇന്ത്യ ഓളൗട്ടായി. 9.2 ഓവറാവുമ്പോഴേക്കും ഇന്ത്യൻ ബാറ്റിംഗിന്റെ കാതൽ തകർത്തെറിഞ്ഞിരുന്നു ഓസീസ്. മിച്ചൽ സ്റ്റാർക്ക് നാലു വിക്കറ്റെടുത്തതോടെ ഇന്ത്യ അഞ്ചിന് 49 ലേക്ക് തകർന്നു. സ്റ്റാർക്കിന് എട്ടോവറിൽ 53 റൺസിന് അഞ്ചു വിക്കറ്റ് കിട്ടി. ഇന്ത്യയിൽ ഇന്ത്യൻ ടീമിന്റെ കുറഞ്ഞ നാലാമത്തെ സ്‌കോറാണ് ഇത്.
ശുഭ്മൻ ഗില്ലിനെ (0) മൂന്നാമത്തെ പന്തിൽ പുറത്താക്കിയാണ് സ്റ്റാർക്ക് തുടങ്ങിയത്. രോഹിത് ശർമ (13) ഇരട്ട ബൗണ്ടറിയോടെ തിരിച്ചടിച്ചു. എന്നാൽ രോഹിതിനെയും സൂര്യകുമാർ യാദവിനെയും (0) തുടർച്ചയായ പന്തുകളിൽ സ്റ്റാർക്ക് പുറത്താക്കി. കഴിഞ്ഞ കളിയിലെ ഹീറോ കെ.എൽ രാഹുലും (9) സ്റ്റാർക്കിന്റെ മികവിൽ അടിയറവ് പറഞ്ഞു. ഹാർദിക് പാണ്ഡ്യയെ (1) ഷോൺ ആബട് പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധം തുടങ്ങി.
വിരാട് കോലിയും (35 പന്തിൽ 31)) രവീന്ദ്ര ജദേജയും (39 പന്തിൽ 16) അക്ഷർ പട്ടേലും (29 പന്തിൽ 29 നോട്ടൗട്ട്) ചെറുത്തുനിന്നതിനാലാണ് സ്‌കോർ 100 കടന്നത്. ആബട്ടും (60232) നാഥൻ എല്ലിസുമാണ് (50132) അവശേഷിച്ച വിക്കറ്റുകൾ പങ്കുവെച്ചത്.
അവസാനം ഇവിടെ കളിച്ചപ്പോൾ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ അഞ്ചിന് 387 റൺസടിച്ചിരുന്നു. ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ 295 ആണ്. എന്നാൽ മഴക്ക് സാധ്യതയുണ്ട്. വിശാഖപട്ടണത്ത് നടന്ന ഒമ്പത് ഏകദിനങ്ങളിൽ ഏഴും ഇന്ത്യ ജയിച്ചു. ഒന്ന് ടൈ ആയി. കോലി ഇവിടെ മൂന്ന് സെഞ്ചുറിയടിച്ചിട്ടുണ്ട്. ഒരിക്കൽ 99 ന് പുറത്തായി.