കൊച്ചി- നിയമസഭയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. സഭാസ്തംഭനം നീണ്ടുപോകണമെന്ന് പ്രതിപക്ഷത്തിന് ആഗ്രഹമില്ല. എന്നാല്‍ ഞങ്ങളുടെ ആവശ്യങ്ങളില്‍നിന്ന് പിന്നോട്ടു പോകുന്ന പ്രശ്‌നമില്ല. ഒന്നാമത്തെ പ്രശ്‌നം അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ അവകാശമാണ്. അത് മുഖ്യമന്ത്രിയുടെ തന്നിഷ്ടത്തില്‍ തീരുമാനിക്കാന്‍ പറ്റില്ല. അത് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല. അത് വിട്ടുകൊടുത്താല്‍ പിന്നെ നിയമസഭയിലേക്ക് പോയിട്ട് ആവശ്യമില്ല.
പരാതിക്കാരായ എം.എല്‍.എമാര്‍ക്കെതിരായി പത്തുകൊല്ലം തടവുശിക്ഷ കിട്ടുന്ന ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരിക്കുകയാണ്. അതിനെല്ലാം പരിഹാരമുണ്ടായാല്‍ സമവായത്തെക്കുറിച്ച് ആലോചിക്കാം. നിയമസഭയില്‍ പോകണമെന്നും സര്‍ക്കാരിനെ സഭയില്‍ ജനകീയ വിചാരണ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നുമാണ് ഞങ്ങളുടെ ആഗ്രഹം. ചര്‍ച്ച ചെയ്യില്ലെന്ന പിടിവാശിയില്ലെന്ന് സതീശന്‍ വ്യക്തമാക്കി.