ലാഹോര്‍ - തോഷഖാന കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കി. ഖാന്‍ കോടതിയിലേക്കു പോയ സമയത്ത് ലാഹോറില്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് പോലീസ് സംഘം ഇരച്ചുകയറുകയും പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു.
നേരത്തെ നിരവധി പ്രാവശ്യം കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഖാന്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടശേഷം അദ്ദേഹത്തിനെതിരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
ഖാന്‍ ഹാജരായതിനെത്തുടര്‍ന്ന് കോടതി വാറണ്ട് റദ്ദാക്കിയതായും വിചാരണ ഈ മാസം മുപ്പതിലേക്ക് നീട്ടിവെക്കുകയും ചെയ്തതായി അഭിഭാഷകര്‍ അറിയിച്ചു. നിരവധി ദിവസത്തെ നിയമക്കുരുക്കുകള്‍ക്ക് ശേഷമാണ് ലാഹോറില്‍നിന്ന് 300 കി.മീ സഞ്ചരിച്ച് ഖാന്‍ ഇസ്‌ലാമാബാദിലെത്തിയത്. എന്നാല്‍ കാറില്‍നിന്ന് പുറത്തിറങ്ങാന്‍ അദ്ദേഹത്തിനായില്ല.
നാലായിരത്തോളം അനുയായികള്‍ കോടതി സമുച്ചയത്തിന് മുമ്പില്‍ തടിച്ചുകൂടുകയും പോലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ് തിരിച്ചടിച്ചു. എന്തായാലും ഖാന്‍ ഹാജരായതായി കോടതി അംഗീകരിക്കുകയായിരുന്നു.
അഴിമതിക്കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ഇമ്രാന്‍ ഖാന്‍ ഇസ്‌ലാമാബാദിലെ കോടതിയിലേക്കു പോയ സമയത്താണ് പോലീസ് സംഘം അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പോലീസ് സംഘം അകത്തു കയറുന്ന സമയത്ത് ഇമ്രാന്റെ ഭാര്യ ബുഷ്‌റ ബീഗം വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് ഇമ്രാനെ അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.
പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പത്തോളം തെഹ്‌രീകെ ഇന്‍സാഫ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. 60 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് മേധാവി പറഞ്ഞു. വീട്ടിലേക്ക് ഇരച്ചുകയറിയ പോലീസ് സംഘം അവിടെ കൂടിയിരുന്ന ഇമ്രാന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തുന്നതിന്റെ വീഡിയോ പാര്‍ട്ടി പുറത്തുവിട്ടു.
പോലീസ് സംഘം വീട്ടില്‍ പ്രവേശിച്ചതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. ബുഷ്‌റ ബീഗം മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പഞ്ചാബ് പോലീസ് സമന്‍ പാര്‍ക്കിലെ വീട്ടിലേക്ക് ഇരച്ചുകയറി അതിക്രമം കാട്ടി. ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണ് അവര്‍ ഇതു ചെയ്തത്? -ഇമ്രാന്‍ ഖാന്‍ കുറിച്ചു.
കോടതി ഉത്തരവിനെ തുടര്‍ന്ന് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നതിനുള്ള പോലീസിന്റെ ശ്രമം ഇതിനു മുന്‍പും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. തോഷഖാന കേസില്‍ കഴിഞ്ഞ മാസം 28ന് ആണ് ഇസ്‌ലാമാബാദ് സെഷന്‍സ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയില്‍നിന്നു ആഡംബര വാച്ച് അടക്കം വിലയേറിയ സമ്മാനങ്ങള്‍ കുറഞ്ഞവിലയ്ക്കു സ്വന്തമാക്കി മറിച്ചു വിറ്റെന്നാണു കേസ്. പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇമ്രാനെതിരെ കേസുമായി രംഗത്തെത്തിയത്.