ഭോപാല്‍- മധ്യപ്രദേശിലെ ഭിണ്ഡില്‍ തലയ്ക്കു പരിക്കേറ്റ ഒരു സൈനികനെ ചികിത്സിച്ചതിന് ആശുപത്രി ബില്ലിട്ടത് 16 കോടി രൂപ. സൗരവ് രജാവത് എന്ന ജവാനെ ചികിത്സിച്ചത് അദ്ദേഹത്തിന്റെ അച്ഛന്‍ ഡോ. ഐഎസ് രജാവത്തിന്റെ ഉടമസ്ഥതയിലുളള ആയുര്‍വേദ ആശുപത്രിയിലാണ്. ഇത് സൈനിക അധികൃതരില്‍ സംശയത്തിനിടയാക്കിയിരിക്കുകയാണ്. 2014 മുതല്‍ 2017 വരെ നീണ്ട ചികിത്സയുടെ ചെലവായി 16 കോടി രൂപയാണ് ജവാന്റെ അച്ഛന്‍ തന്നെ ബില്ലിട്ടത്. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നതിനാല്‍ ബില്ല് സമര്‍പ്പിച്ചപ്പോഴാണ് അധികൃതരുടെ കണ്ണു തള്ളിയത്.
ഈ ആശുപത്രി ആയുര്‍വേദ ആണെങ്കിലും ജവാന് നല്‍കിയ ചികിത്സ അലോപതിയാണെന്നതും സംശയം വര്‍ധിപ്പിച്ചു. ഈ ആശുപത്രിയെ കുറിച്ച് അന്വേഷിക്കാന്‍ സൈനിക അധികാരികള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 2013-ലാണ് ഡ്യൂട്ടിക്കിടെ സൗരഭ് രജാവത്തിന് തലയ്ക്ക് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. 2014 മുതല്‍ അദ്ദേഹത്തിന്റെ അച്ഛന്‍ തന്നെയാണ് ചികിത്സിച്ചത്. ചികിത്സയുടെ ചെലവ് സൈന്യം വഹിക്കുമെന്നതിനാല്‍ ഇതിനായി 16 കോടി രൂപയുടെ ബില്ല് സമര്‍പ്പിച്ചതാണ് വിനയായത്. ഇതു പരിശോധിക്കാനായി ജില്ലാ കലകടര്‍ സംസ്ഥാനത്തെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറിയിരിക്കുകയാണിപ്പോല്‍.
എന്നാല്‍ താന്‍ നല്‍കിയ മൂന്ന് ബില്ലുകള്‍ 1.6 ലക്ഷം രൂപയുടേതാണെന്നും ഇത് എങ്ങനെ 16 കോടി രൂപയായി മാറിയതെന്ന് അറിയില്ലെന്നും സൗരഭിന്റെ അച്ഛനായ ഡോക്ടര്‍ ഐഎസ് രജാവത്ത് പ്രതികരിച്ചു. 60,000 രൂപയുടെ രണ്ടു ബില്ലുകളും 40,000 രൂപയുടെ ഒരു ബില്ലുമാണ് നല്‍കിയതെന്ന് ഇദ്ദേഹം പറയുന്നു.