മക്ക - എട്ടു മാസം നീണ്ട യാത്രക്കൊടുവിൽ പാക് തീർഥാടകൻ മുഹമ്മദ് ഇംറാൻ പുണ്യഭൂമിയിലെത്തി. അവശ്യവസ്തുക്കൾ വഹിച്ച ട്രോളി തള്ളിയാണ് 27 കാരനായ മുഹമ്മദ് ഇംറാൻ ഏഴായിരം കിലോമീറ്റർ ദൂരം താണ്ടി മക്കയിലെത്തിയത്. വിശുദ്ധ ഹറമിലെത്തി ഉംറ, ഹജ് കർമങ്ങൾ നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ 2022 ജൂലൈ ഒന്നിനാണ് പാക് തീർഥാടകൻ കാൽനടയായി യാത്ര തിരിച്ചത്.
ദൈവീക പ്രീതിയും പ്രതിഫലവും മാത്രം മോഹിച്ചാണ് താൻ കാൽനടയായി ഇത്രയും ദൂരം താണ്ടി മക്കയിലെത്തിയതെന്ന് മുഹമ്മദ് ഇംറാൻ പറഞ്ഞു. ചെറിയ തമ്പും അത്യാവശ്യ വസ്തുക്കളും വഹിച്ച ട്രോളി തള്ളിയാണ് താൻ കാൽനടയായി പുണ്യഭൂമി ലക്ഷ്യമാക്കി സ്വദേശത്തു നിന്ന് യാത്ര തിരിച്ചത്.
പാക്കിസ്ഥാനിൽ നിന്ന് ഇറാൻ, കുവൈത്ത് വഴിയാണ് സൗദിയിലേക്കുള്ള യാത്ര പൂർത്തിയാക്കിയത്. ഇറാനിൽ നിന്ന് അറേബ്യൻ ഉൾക്കടൽ കപ്പലിൽ താണ്ടിയാണ് കുവൈത്തിലെത്തിയത്. കുവൈത്തിൽ നിന്ന് വിമാന മാർഗം റിയാദിലെത്തി. റിയാദിൽ നിന്ന് വീണ്ടും കാൽനടയായി യാത്ര തുടർന്നു. റിയാദിൽ നിന്ന് 40 ദിവസമെടുത്താണ് മക്കയിലെത്തിയത്.
പുലർച്ചെ സുബ്ഹി നമസ്കാരം മുതൽ സന്ധ്യാസമയം വരെയാണ് നടക്കാറ്. ദിവസേന ശരാശരി 30 കിലോമീറ്റർ ദൂരമാണ് താണ്ടിയിരുന്നത്. സന്ധ്യാസമയത്ത് യാത്ര അവസാനിപ്പിച്ച് ട്രോളിയിൽ കരുതിയ തമ്പ് സ്ഥാപിച്ച് രാവിലെ വരെ ഉറങ്ങും. അങ്ങേയറ്റത്തെ മാനസിക സന്തോഷത്തോടെയാണ് പുണ്യഭൂമിയിലേക്കുള്ള ദൂരം താണ്ടിയത്. വിശുദ്ധ ഹറമും കഅ്ബാലയവും നേരിട്ട് കാണമെന്ന അടങ്ങാത്ത മോഹം യാത്രക്ക് ഊർജമായി. റിയാദിൽ നിന്ന് മക്കയിലേക്കുള്ള യാത്രയിൽ മാർഗമധ്യേ സൗദി പൗരന്മാർ ഏറെ ആദരവോടെയാണ് തന്നെ വരവേറ്റത്. വഴിയിൽ സ്വദേശികൾ വെള്ളവും ഭക്ഷണവും നൽകി സ്വീകരിച്ചതായും മുഹമ്മദ് ഇംറാൻ പറഞ്ഞു.