ദമാം - ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്തെ ഇന്ത്യൻ തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് പുതിയ ഷിപ്പിംഗ് ലൈൻ ആരംഭിച്ചതായി സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു. സൗദി അറേബ്യയെ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കാനും ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും മുന്നിൽ പുതിയ സേവനം ലഭ്യമാക്കാനും വ്യാപാരം ശക്തമാക്കാനും ലക്ഷ്യമിട്ടാണ് എക്‌സ്പ്രസ് ഫീഡേഴ്‌സ്, യൂനിഫീഡർ-2, മിലാഹ എന്നീ ഷിപ്പിംഗ് കമ്പനികൾ അടങ്ങിയ കൺസോർഷ്യം പുതിയ ഷിപ്പിംഗ് ലൈൻ (ഐ.എം.എക്‌സ്) ആരംഭിച്ചത്.
യു.എ.ഇയിലെ ജബൽ അലി, ഖലീഫ, ഖത്തറിലെ ഹമദ്, ഇന്ത്യയിലെ മുംബൈ ജവഹർലാൽ നെഹ്രു, സൂറത്തിലെ ഹാസിറ, ഗുജറാത്തിലെ മുന്ദ്ര എന്നീ തുറമുഖങ്ങളെയും ദമാം തുറമുഖത്തെയും ബന്ധിപ്പിച്ച് 3,500 കണ്ടെയ്‌നർ വീതം ശേഷിയുള്ള മൂന്നു കപ്പലുകൾ ഉപയോഗിച്ചാണ് സർവീസുകൾ നടത്തുക. ജിദ്ദ, ദമാം, ജുബൈൽ തുറമുഖങ്ങളെ ലോകത്തെ 43 തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് അഞ്ചു വൻകിട ഷിപ്പിംഗ് കമ്പനികൾ സർവീസുകൾ ആരംഭിച്ചതായി ജനുവരിയിൽ സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചിരുന്നു.