ജിദ്ദ- സന്ദർശക വിസ പുതുക്കാൻ ജോർദാനിലേക്ക് പോയ മലയാളി പ്രവാസികൾ അടക്കം നിരവധി പേർ കഴിഞ്ഞ ദിവസം അനുഭവിച്ചത് വൻ ദുരിതം. സാധാരണ ഒരു മണിക്കൂർ കൊണ്ട് വിസ പുതുക്കൽ നടപടികൾ പൂർത്തിയാകാറുണ്ടെങ്കിൽ വ്യാഴാഴ്ച മുതൽ സൗദിയിൽനിന്ന് ജോർദാനിലെത്തിയവർ കാത്തുനിന്നത് എട്ടു മണിക്കൂറിലേറെ. റമദാനിന് മുമ്പ് വിസ പുതുക്കാനായി നൂറു കണക്കിന് ആളുകൾ ഒന്നിച്ച് എത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ആളുകളുടെ എണ്ണം കൂടിയതോടെ സൗദി അതിർത്തിയിൽനിന്ന് ജോർദാനിലേക്ക് ആളുകളെയുമായി പോകുന്ന വാഹനങ്ങളും നിരക്ക് കുത്തനെ കൂട്ടി. വിസ പുതുക്കൽ നടപടിക്ക് കൂടുതൽ സമയം എടുക്കുന്നതാണ് നിരക്ക് കൂട്ടാൻ കാരണമായി പറഞ്ഞത്. ഒരു പാസ്‌പോർട്ടിന് 250 റിയാലായിരുന്നു ആവശ്യപ്പെട്ട പുതിയ നിരക്ക്. ഇതോടെ ജിദ്ദയിൽനിന്നടക്കം സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയവർ ആകെ പ്രതിസന്ധിയിലായി. അധികം തുക നൽകിയ ശേഷമാണ് പലരും ജോർദാനിലേക്ക് കടന്നത്. ഇവിടെയും ഏറെ നേരം വൈകിയാണ് നടപടിക്രമങ്ങൾ പൂർത്തിയായത്. എട്ടുമണിക്കൂറോളം വിസ പുതുക്കൽ നടപടിക്ക് എടുത്തുവെന്ന് ജിദ്ദയിൽനിന്ന് കുടുംബവുമായി വിസ പുതുക്കാൻ ജോർദാൻ അതിർത്തിയിലെത്തിയ ജിദ്ദയിലെ പ്രവാസി എ.പി അൻവർ വണ്ടൂർ മലയാളം ന്യൂസിനോട് പറഞ്ഞു.
അതേസമയം, സന്ദർശക വിസയിൽ കാലാവധി ഉള്ളവരടക്കം റമദാനിന് മുമ്പ് വിസ പുതുക്കണം എന്ന ലക്ഷ്യത്തോടെ ഒന്നിച്ച് എത്തിയതാണ് അതിർത്തിയിൽ ആളുകളുടെ എണ്ണം കൂടാൻ കാരണം. ഇത് മൊത്തത്തിൽ തിരക്ക് കൂട്ടാനും ഇടയാക്കി. വിസയിൽ കാലാവധിയുള്ളവർ വിസ പുതുക്കുന്നത് അതിന് അനുസരിച്ച് ക്രമീകരിക്കുന്നതാണ് നല്ലതെന്ന് ജിദ്ദയിലെ അൻവർ ചെമ്പൻ മലയാളം ന്യൂസിനോട് വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)