Sorry, you need to enable JavaScript to visit this website.

മലയാളി ഉപേക്ഷിച്ചു പോയ ഏഴു മക്കൾക്ക് വേണ്ടി പ്രവാസികൾ ജിദ്ദയിൽ ഒത്തുകൂടി

ജിദ്ദ- മലയാളിയായ പിതാവ് ഉപേക്ഷിച്ച് പോയതിനെ തുടർന്ന് പ്രതിസന്ധിയിലായ ഏഴു മക്കളെ സഹായിക്കുന്നതിന് വേണ്ടി ജിദ്ദയിലെ മലയാളികൾ സാന്ത്വനസ്പർശം എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു. ജിദ്ദ അബീർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി തുടർ പരിപാടികൾ നടത്താൻ തീരുമാനിച്ചു. അബീർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. 


പ്രവാസലോകത്ത് ഇത്തരം അനുഭവങ്ങൾ കുറവാണെന്നും കുടുംബത്തെ സഹായിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടാകുമെന്നും ഡോ.മുഹമ്മദ് പറഞ്ഞു. മുജീബ് കുണ്ടൂർ അധ്യക്ഷത വഹിച്ചു. ഷിബു തിരുവന്തപുരം, ശിഹാബ് താമരക്കുളം, കെ.ടി.എ മുനീർ, നാണി മാസ്റ്റർ കോട്ടക്കൽ, സലാഹ് കാരാടൻ തുടങ്ങിയവർ പ്രസംഗിച്ചു. ജിദ്ദയിലെ വിവിധ കലാകാരൻമാർ അണിനിരന്ന ഇശൽ സന്ധ്യയും അരങ്ങേറി. കുടുംബത്തെ സഹായിക്കുന്നതിന് തുടർന്നും പ്രവർത്തനം തുടരും. 
പതിമൂന്ന് വർഷം മുമ്പാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദ് പാണമ്പി എന്നയാൾ സോമാലിയൻ സ്വദേശിയായ ഭാര്യ മുഅ്മിനയെയും ഏഴു മക്കളെയും ഉപേക്ഷിച്ച് നാട്ടിലേക്ക് കടന്നത്. കുട്ടികൾക്ക് സൗദിയിൽ ജീവിക്കുന്നതിനുള്ള രേഖകൾ ഉണ്ടായിരുന്നില്ല. നിരവധി തവണ ഇവർ നിയമപാലകരുടെ പിടിയിൽ പെടുകയും ചെയ്തു. രണ്ടു ആൺകുട്ടികളെ പോലീസ് പിടികൂടി സൗദിയിൽനിന്ന് തിരിച്ചയച്ചു. 

വീട്ടിൽനിന്ന് പലഹാരമുണ്ടാക്കി റോഡരികിൽ വിൽപന നടത്തിയാണ് മുഅ്മിന മക്കളെ പുലർത്തിയിരുന്നത്. എന്നാൽ, ഇടയ്ക്കുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റ മുഅ്മിനക്ക് പിന്നീട് ആ ജോലി ചെയ്യാൻ പറ്റാതായി. ജിദ്ദയിലെ സാമൂഹ്യ പ്രവർത്തകരാണ് കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നത്. കൂടുതൽ സഹായം ലഭ്യമാക്കുന്നതിനുള്ള കൂട്ടായ്മയാണ് വ്യാഴാഴ്ച രാത്രി അബീർ ഓഡിറ്റോറിയത്തിൽ ചേർന്നത്.
 

Latest News