Sorry, you need to enable JavaScript to visit this website.

മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി: അവസാന നിമിഷവും വാശിയില്‍ ഇരുവിഭാഗവും, ഉന്നതാധികാര സമിതി വിളിച്ചു

കോഴിക്കോട് : മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷതയിലെത്തി നില്‍ക്കേ, പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിന് മുന്‍പ് സാദിഖലി ശിഹാബ് തങ്ങള്‍ പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം വിളിച്ചു ചേര്‍ത്തു. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാക്കി അക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇതിനിടെ  ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറാണെന്നാണ് ഡോ. എം.കെ.മുനീറിന്റെയും  അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെയും നിലപാട്.
ഇന്ന് രാവിലെ നിലവിലുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ചേര്‍ന്ന ശേഷം ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് പുതിയ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന് മുന്‍പ് പ്രശ്‌നം പരിഹരിച്ച് സമവായത്തിലെത്താനാണ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ നീക്കം നടത്തുന്നത്. ഒരു കാരണവശാലും വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങരുതെന്നാണ് സാദിഖലി തങ്ങളുടെ നിലപാട്. എന്നാല്‍ ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് നടക്കുന്നതില്‍ തെറ്റില്ലെന്നാണ് ഡോ.എം.കെ.മുനീറും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നത്. 
നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ സലാം തന്നെ ജനറല്‍ സെക്രട്ടറിയായി തുടരട്ടെയെന്നാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും അദ്ദേഹത്തെ അനകൂലിക്കുന്നവരുടെയും നിലപാട്. സമവായത്തിലെത്താനായി ഇന്നലെ സാദിഖലി തങ്ങള്‍ മുഴുവന്‍ ജില്ലാ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും വിളിച്ചു വരുത്തി അഭിപ്രായങ്ങള്‍ തേടിയിരുന്നു. പി.എം.എ സലാം തുടരട്ടെയെന്ന നിലപാടാണ് ഭൂരിഭാഗം ജില്ലാ നേതൃത്വങ്ങളും സ്വീകരിച്ചത്.  എന്നാല്‍ ഡോ.എം.കെ.മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന നിലപാടില്‍ കോഴിക്കോട് ജില്ലാ കമ്മറ്റി ഉറച്ചു നില്‍ക്കുകയാണ്. ഒരു അവസരം കോഴിക്കോടിന് നല്‍കണമെന്നാണ് അവരുടെ വാദം. ഇല്ലെങ്കില്‍ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങട്ടെയെന്നും ഇവര്‍ പറയുന്നു.

 

Latest News