Sorry, you need to enable JavaScript to visit this website.

രാജീവ് മാതൃകയില്‍ മോഡിയെ വധിക്കാനുള്ള പദ്ധതി പൊളിച്ചെന്ന് പോലീസ്; തട്ടിപ്പെന്ന് കോണ്‍ഗ്രസ് 

ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താനുള്ള മാവോയിസറ്റുകളുടെ പദ്ധതി പൊളിച്ചെന്ന് പൂനെ പോലീസ്. ഹിന്ദുത്വ തീവ്രവാദികള്‍ പൂനെയ്ക്കടുത്ത ഭീമ കൊറഗാവില്‍ ദളിതര്‍ക്കെതിരെ ആക്രമമഴിച്ചുവിട്ട സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഈ നീക്കം കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അഞ്ച് ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകന്‍, പ്രൊഫസര്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലാണ് മോഡിയെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് വിവരങ്ങളുണ്ടായിരുന്നതത്രെ. ഏപ്രില്‍ 18-ന് 'ആര്‍' എന്ന രഹസ്യ പേരില്‍ 'സഖാവ് പ്രകാശ്'  എന്നയാള്‍ക്കെഴുതിയ കത്തിലാണ് പദ്ധതിയെ കുറിച്ച് സൂചനകളുള്ളതെന്ന് പോലീസ് പറയുന്നു.

എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ സംശയങ്ങള്‍ക്കിടയാക്കുന്നതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മോഡിയുടെ പ്രതിച്ഛായ ഇടിയുമ്പോഴെല്ലാം ഇത്തരത്തില്‍ അദ്ദേഹത്തിനെതിരായ വധശ്രമ വാര്‍ത്തകള്‍ വരാറുണ്ടെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാ്ട്ടി. ഇതു പൂര്‍ണമായും ശരിയല്ലെന്ന് പറയുന്നില്ല. എന്നാല്‍ ഇത് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം തൊട്ട് പയറ്റിപ്പോരുന്ന ഒരു പഴയ തന്ത്രമാണെന്നും കോണ്‍ഗ്രസ് വക്താവ് സജ്ഞയ് നിരുപം പറഞ്ഞു. 

കത്തിലെ സന്ദേശത്തില്‍ മോഡിയെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് വ്യക്തമായി പറയുന്നില്ലെന്നും എന്നാല്‍ സൂചനകള്‍ വ്യക്തമാണെന്നുമാണ് പോലീസ് ഭാഷ്യം. മേഡിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ഫാഷിസ്റ്റ് ഭരണകൂടം തദ്ദേശീയരായ ആദിവാസികളുടെ ജീവിതം ഇടിച്ചു നിരത്തുകയാണെന്ന് കത്തില്‍ പറയുന്നതായി പോലീസ് പറയുന്നു. ബിഹാറിലും പശ്ചിമ ബംഗാളിലും പരാജയപ്പെട്ടെങ്കിലും മോഡി 15ലെറെ സംസ്ഥാനങ്ങളില്‍ മോഡി വിജയകരമായി ബിജെപി സര്‍ക്കാരുകളെ ഭരണത്തിലെത്തിച്ചു. ഇതു തുടര്‍ന്നാല്‍ എല്ലാ നിലയ്ക്കും ഇതു പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും കത്തില്‍ പറയുന്നു. 

'മോഡി ഭരണം അവസാനിപ്പിക്കാന്‍ മുതിര്‍ന്ന സഖാക്കള്‍ ശക്തമായ നടപടികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സംഭവത്തെ പോലൊരു സംഭവത്തെ കുറിച്ചാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ആത്മഹത്യാപരമാണെങ്കിലും പരാജയപ്പെടാന്‍ സാധ്യത കൂടുതലാണ്. എങ്കിലും ഈ നിര്‍ദേശം പാര്‍ട്ടി പിബിയും സിസിയും ചര്‍ച്ച ചെയ്യണം'- എന്നാണ് കത്തിലെ ഉള്ളടക്കമെന്ന് പോലീസ് പറയുന്നു.

അതേസമയം മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ കോളെജ് അധ്യാപകന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ദളിത് പൗരാവകാശ പ്രവര്‍ത്തകന്‍, പ്രൊഫസര്‍, മുന്‍ പ്രൈം മിനിസ്റ്റേഴ്‌സ് റൂറല്‍ ഡവലെപ്‌മെന്റ് ഫെലോ എന്നിവരടക്കമുള്ള അഞ്ചു പേര്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ഇവരുടെ അഭിഭാഷകന്‍ പറഞ്ഞു. ഇവര്‍ക്കെതിരെ യുഎപിഎയും ചുമത്തിയിട്ടുണ്ട്. അതേസമയം ഭീമ കൊറഗാവ് ആക്രമണക്കേസില്‍ കുറ്റാരോപിതരായ ഹിന്ദുത്വ തീവ്രവാദി നേതാക്കളായ സംഭാജി ബിഡെ, മിലിന്ദ് എക്‌ബോട്ടെ എന്നിവര്‍ക്കെതിരെ എന്തുകൊണ്ട് യുഎപിഎ ചുമത്തിയില്ലെന്നും അഭിഭാഷകന്‍ ചോദിച്ചു.
 

Latest News