തിരുവനന്തപുരം - മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മരുമകനും മന്ത്രിയുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസിനും എതിരേ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചാരണം. 'രാഹുലിനെ അടിവസ്ത്രമില്ലാതെ അടൂരിൽനിന്ന് പിടികൂടി' എന്ന തരത്തിലുള്ള പോസ്റ്റുകളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നതെന്ന് സ്‌ക്രീൻ ഷോട്ട് സഹിതം രാഹുൽ മാങ്കൂട്ടത്തിൽ തന്നെ എഫ്.ബിയിൽ പങ്കുവെച്ചു.
ഇടത് പ്രൊഫൈലുകളാണ് വ്യാജ പ്രചാരണത്തിന് പിന്നിലെന്ന് രാഹുൽ വ്യക്തമാക്കി. 'ഇന്നലെ ഓണറബിൾ സൺ ഇൻലോയ്‌ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്.... ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ!!' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
'ബൈ ദ ബൈ സ്ഥലം ഒന്നു മാറ്റാമോ, ഞാൻ ഇന്ന് തിരുവനന്തപുരത്തായിരുന്നു. അടൂർ തന്നെ വേണം എന്ന് നിർബന്ധമാണെങ്കിൽ ഇന്നലെ എന്നാക്ക്... ശങ്കരാടിയുടെ കുമാരപിള്ള സഖാവ് തന്നെയാണ് ഇപ്പോഴും പാർട്ടി ക്ലാസ്സ് ല്ലേ?' എന്നും രാഹുൽ മാങ്കൂട്ടത്തിൽ എഫ്.യിൽ കുറിച്ചു.
'എതിർപാർട്ടിയിലെ നേതാക്കൻമാരുടെ കൂട്ടത്തിൽ കൊള്ളാവുന്ന ചെറുപ്പക്കാർ ഉയർന്നു വരുന്നുണ്ട്. ആളുകൾക്ക് അവരോട് വല്യ മതിപ്പാണ്. ആ മതിപ്പ് പൊളിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ഏതെങ്കിലും രീതിയിൽ വല്ല പെണ്ണുകെസിലോ ഗർഭ കേസിലോ അവരെ പെടുത്തി നാറ്റിക്കുകയാണ് വേണ്ടത്. ജനങ്ങൾ അവരെ കാർക്കിച്ചു തുപ്പുന്ന പരിതസ്ഥിതിയിൽ എത്തിച്ചാൽ നമ്മൾ ജയിച്ചു' എന്ന സന്ദേശം സിനിമയിലെ ശങ്കരാടിയുടെ പ്രശസ്തമായ പാർട്ടി ക്ലാസിനോട് ഉപമിച്ചാണ് രാഹുൽ ഇടത് പ്രൊഫൈലുകളുടെ നീക്കത്തെ വിമർശിച്ചത്. വൻ പ്രതികരണമാണ് പോസ്റ്റിന് താഴെയുള്ളത്.