ന്യുദല്‍ഹി- വിലകൂടിയ ആഡംബര കാറുകളുടേയും സൂപ്പര്‍ ബൈക്കുകളുടേയും ഇലക്ട്രിക് വാഹനങ്ങളുടേയും ഇറക്കുമതി ലഘൂകരിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളുടെ വില, എഞ്ചിന്‍ ശേഷി, നിര്‍ബന്ധ പരിശോധനകള്‍ എന്നിവയിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന നിര്‍ദേശമടങ്ങിയ കരട് ഉത്തരവ് റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കി. വാഹന നിര്‍മ്മാതാക്കള്‍ക്ക് അവരുടെ ആഢംബര വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നത് എളുപ്പമാക്കാനാണ് ഇത്. യുറോപ്, സിങ്കപൂര്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ടെസ്റ്റിങ് ഏജന്‍സികള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ഇറക്കുമതി വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പരിശോധന ഒഴിവാക്കും.
നിലവില്‍ 27 ലക്ഷം രൂപയ്ക്കു മുകളില്‍ നാലുചക്ര വാഹനങ്ങളും ചുരുങ്ങിയത് 800 സിസി എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളും മാത്രമെ ഇന്ത്യയില്‍ പരിശോധന ഇല്ലാതെ ഇറക്കുമതി ചെയ്യാനാകൂ. ഈ നിയന്ത്രണം ഒഴിവാക്കാനാണു സര്‍ക്കാര്‍ നീക്കം. പ്രതിവര്‍ഷം 2500 ആഢംബര വാഹനങ്ങളെങ്കിലും ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
അതേസമയം ഇറക്കുമതി ചുങ്കത്തില്‍ ഇളവ് അനുവദിക്കില്ല. വാഹന വിലയുടെ 100 ശതമാനം വരെയുള്ള നിലവിലുള്ള നികുതികള്‍ തുടരും.