പുല്‍പള്ളി- വയനാട്ടിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ജീവകാരുണ്യ പ്രവര്‍ത്തനവുമായി നടന്‍ മമ്മൂട്ടി. തന്നെ കാണാന്‍ കബനി തീരത്തെ വെട്ടത്തൂര്‍ കോളനിയില്‍നിന്നു മടാപ്പറമ്പിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ ആദിവാസികള്‍ക്ക് മമ്മൂട്ടി വസ്ത്രങ്ങള്‍ നല്‍കി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മുഖേനയയായിരുന്നു വസ്ത്രവിതരണം. 28 കുടുംബങ്ങള്‍ക്ക് ആവശ്യമായ വസ്ത്രങ്ങളാണ് നല്‍കിയത്. കബനി തീരത്തുള്ള വെട്ടത്തൂര്‍ കോളനിയില്‍നിന്നു മൂപ്പന്‍മാരയ ശേഖരന്‍, ദെണ്ടുകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രിയ നടനെ നേരില്‍ക്കാണാന്‍ ആദിവാസികള്‍ മടാപ്പറമ്പിലെത്തിയത്. മൂപ്പന്‍മാര്‍ക്കും ഒപ്പമുള്ളവര്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ ലൊക്കേഷനില്‍ സ്വീകരണം നല്‍കി. സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്‌ന, ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.പി.അബ്ദുല്‍ സമദ് എന്നിവര്‍ സന്നിഹിതരായിരുന്നു. ലൊക്കേഷനില്‍ വരാത്ത കോളനിവാസികള്‍ക്ക് ഫൗണ്ടേഷന്‍ പ്രതിനിധികള്‍ വെട്ടത്തൂരിലെത്തിയാണ് വസ്ത്രങ്ങള്‍ കൈമാറിയത്.