Sorry, you need to enable JavaScript to visit this website.

കുഴിച്ചു മൂടിയ നവജാത ശിശു ഏഴ്മണിക്കൂറിനുശേഷവും ജീവനോടെ (വിഡിയോ)

ബ്രസീലില്‍ സംസ്‌കരിച്ച നവജാത ശിശുവിനെ ഏഴ് മണിക്കൂറിനുശേഷം ജീവനോടെ പുറത്തെടുത്തു. ദുരൂഹ സാഹചര്യത്തില്‍ കുടുംബം കുഴിച്ചു മൂടിയ കുഞ്ഞിനെയാണ് രക്ഷപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
ബ്രസീലില്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മാറ്റോ ഗ്രാസോ സ്‌റ്റേറ്റിലെ ഷിംഗു നാഷണല്‍ പാര്‍ക്കിലാണ് സംഭവം. ജനിച്ച ഉടന്‍ പെണ്‍കുഞ്ഞിനെ കുഴിച്ചുമൂടിയതായി ഒരു നഴ്‌സാണ് അധികൃതര്‍ക്ക് വിവരം നല്‍കിയത്.
രാത്രി സമയത്ത് കുഴി തുറന്ന് കുഞ്ഞിനെ പുറത്തെടുക്കുന്ന വിഡിയോ പോലീസ് പുറത്തുവിട്ടു. പൊക്കിള്‍ കൊടി നീക്കാത്ത നിലയിലായിരുന്നു കുഞ്ഞ്.
കുഞ്ഞിന്റെ മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തതായി സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ പൗലോ റോബര്‍ട്ടോ ഡോ പ്രാഡോ പറഞ്ഞു. കുഞ്ഞ് മരിച്ചുവെന്ന് കരുതിയാണോ സംസ്‌കരിച്ചതെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഏഴു മണിക്കൂറോളം മണ്ണിനിടയില്‍ കിടന്നിട്ടും കുഞ്ഞ് സുഖമായിരിക്കുന്നുവെന്നാണ് വിവരമെന്ന് അദ്ദേഹം പറഞ്ഞു. മാറ്റോ ഗ്രാസോ തലസ്ഥാനമായ കുയാബയിലെത്തിച്ച കുഞ്ഞ് ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലാണ്.
കുളിമുറിയിലായിരുന്നു പ്രസവമെന്നും കുഞ്ഞിന്റെ തലയടിച്ച് താഴെ വീണുവെന്നുമാണ് കുടുംബാംഗങ്ങള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. അമ്മയ്ക്ക് 15 വയസ്സാണ് പ്രായം. കുഞ്ഞിന്റെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ പിതാവ് തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു.

Latest News