തൊടുപുഴ- ദേശീയപാതയില്‍ വാഹനം തടഞ്ഞ് നിലയുറപ്പിച്ച് കാട്ടാനയായ പടയപ്പ. മൂന്നാര്‍ മറയൂര്‍ റോഡില്‍ നേമക്കാട് എസ്റ്റേറ്റില്‍ വച്ചാണ് ആന വാഹനങ്ങള്‍ തടഞ്ഞത്. ഏതാണ്ട് 30 മിനുട്ടോളം ഇവിടെ തുടര്‍ന്ന ആന ആരെയും ആക്രമിച്ചില്ല. നാട്ടുകാരും വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ആനയെ ബഹളം വച്ച് റോഡില്‍ നിന്നും തുരത്തി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് നേമക്കാട് എസ്റ്റേറ്റ് പരിസരത്ത് ആന യാത്രാ തടസം സൃഷ്ടിക്കുന്നത്. മാര്‍ച്ച് അഞ്ചിന് ഇതുവഴി വന്ന പഴനി-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസ് ആന തടയുകയും ബസിന്റെ സൈഡ് മിറര്‍ ഗ്ളാസ് തകര്‍ക്കുകയും ചെയ്തിരുന്നു. അതിനുമുന്‍പ് മൂന്നാര്‍ കന്നിമല എസ്റ്റേറ്റില്‍ ആന ഇറങ്ങി വീടുകള്‍ക്ക് വ്യാപക നാശം വരുത്തിയിരുന്നു. കൃഷിയും നശിപ്പിച്ച ശേഷം പുലര്‍ച്ചെയോടെയാണ് ആന ഇവിടെ നിന്നും പിന്‍വാങ്ങിയത്.
അതേസമയം പടയപ്പയുടെ പിന്‍കാലുകളിലൊന്നിന് ബലക്ഷയമുണ്ടെന്നും ഇതാകാം ആന ഉപദ്രവകാരിയായി മാറാന്‍ കാരണമെന്നും കരുതുന്നതായി മുന്‍പ് നാട്ടുകാര്‍ അറിയിച്ചിരുന്നു. ഏകദേശം 60 വയസോളം പ്രായമുള്ള ആന മുന്‍പ് അധികം അപകടകാരിയായിരുന്നില്ല.