ന്യൂദല്‍ഹി : ഈ പിഞ്ചു മക്കള്‍ ഒരു തെറ്റും ചെയ്തിട്ടില്ല, പക്ഷേ കുറ്റവാളികളെപ്പോലെ അവരുടെ ജീവിതം ജയിലറക്കുള്ളില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ വിവിധ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന വനിതാ തടവുകാരില്‍ 1650 പേര്‍ക്കൊപ്പം അവരുടെ പിഞ്ചു കുട്ടികളും കഴിയുന്നുണ്ടെന്നാണ് കണക്ക്. 1867 കുട്ടികളാണ് ഇത്തരത്തില്‍ അമ്മമാര്‍ക്കൊപ്പം ജയിലുകളില്‍ കഴിയുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നത്. സ്വന്തം അമ്മ ചെയ്ത തെറ്റിന്റെ പേരില്‍ അവര്‍ ജയില്‍ ജീവിതം അനുഭവിക്കുകയാണ്. പക്ഷേ, ജയിലിലെങ്കിലും സുരക്ഷിതമായി അമ്മ വലയം ചെയ്ത കൈകള്‍ക്കുള്ളിലാണ് ജീവിതമെന്ന് ആ കുഞ്ഞുങ്ങള്‍ക്ക് ആശ്വസിക്കാം. 1650 വനിതാതടവുകാരില്‍ 1418 പേര്‍ വിചാരണത്തടവുകാരും 216 പേര്‍ ശിക്ഷിക്കപ്പെട്ടവരുമാണ്. ശിക്ഷിക്കപ്പെട്ടവരുടെ കുട്ടികളായി 246 പേരാണ് ജയിലുകളിലുള്ളത്.
കുട്ടികളെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെങ്കിലും വനിതാ തടവുകാര്‍ കുറ്റം കൃത്യം നടത്തുമ്പോള്‍ ഗര്‍ഭിണിയായിരിക്കുകയും പിന്നീട് ജയിലില്‍ കഴിയുമ്പോള്‍ തന്നെ പ്രസവിക്കുകയും ചെയ്യുക, ജയിലിലാകുമ്പോള്‍ അവരുടെ ചെറിയ കുട്ടികളെ സംരക്ഷിക്കാന്‍ ജയിലിന് പുറത്ത് മാറ്റാരും ഇല്ലാതിരിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് കുട്ടികളെ അമ്മക്കൊപ്പം ജയിലിലേക്ക് കൂട്ടാന്‍ കോടതികള്‍ അനുമതി നല്‍കാറുള്ളത്. കുട്ടികളുടെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പു വരുത്താനും അവര്‍ക്ക് ജയിലുകളില്‍ മറ്റ് തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാനുമുള്ള ഉത്തരവാദിത്തം ജയില്‍ അധികൃതര്‍ക്കാണ്. വിവിധ സംസ്ഥാനങ്ങളുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് പരമാവധി ആറ് വയസ്സുവരെയാണ് കുട്ടികളെ അമ്മയ്‌ക്കൊപ്പം ജയിലില്‍ തുടരാന്‍ അനുവദിക്കുക.. പിന്നീട് സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുക. കേരളത്തില്‍ അഞ്ചില്‍ താഴെ കുട്ടികള്‍ മാത്രമാണ് അമ്മമാര്‍ക്കൊപ്പം ജയിലില്‍ കഴിയുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജയിലുകളിലുള്ളത് തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമാണ്.
ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 15 സംസ്ഥാനങ്ങളിലായുള്ള 32 വനിതാ ജയിലുകളില്‍ 22,918 വനിതാതടവുകാരുണ്ട്. രാജ്യത്തെ ആകെ തടവുകാരില്‍ അഞ്ചു ശതമാനം പേര്‍ സ്ത്രീകളാണ്.