കൊച്ചി- തെരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ചും ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിക്കാൻ തക്ക ശേഷിയുള്ള മണ്ഡലങ്ങളിൽ ആയിരുന്നില്ലെന്നും തോറ്റവരെയെല്ലാം ജനം വീട്ടിൽ ഇരുത്തിയതാണെന്ന് വിചാരിക്കുന്നവർക്ക് അങ്ങിനെ കരുതാമെന്നും കോൺഗ്രസ് നേതാവ് വി.ടി ബൽറാം. അഭിഭാഷക രശ്മിത രാമചന്ദ്രനുള്ള മറുപടിയിലാണ് ബൽറാം ഇക്കാർം പറഞ്ഞത്. നേരത്തെ വി.ടി ബൽറാമിന് എതിരെ രശ്മിത ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിൽ രശ്മിത ബൽറാമിനെ VT-ൽ ഇരുത്തി എന്ന തരത്തിൽ നിരവധി സ്ഥലത്ത് പരാമർശം നടത്തിയിരുന്നു. രൂക്ഷമായ വിമർശനമാണ് രശ്മിതക്ക് എതിരെ ബൽറാം ഉയർത്തിയത്.
ബൽറാമിന്റെ വാക്കുകൾ:
ഇപ്പോ രാത്രി 11.40 കഴിഞ്ഞു. അതുകൊണ്ട് തന്നെ മറ്റ് സാധാരണ മനുഷ്യരെപ്പോലെ ഈ സമയത്ത് VTൽ ഇരിക്കുകയാണ്. ആരും ഇരുത്തിയതല്ല, പാർട്ടിയുടെ സംസ്ഥാനതലത്തിലെ സാമാന്യം പ്രാധാന്യമേറിയ ഒരു ഉത്തരവാദിത്തമുള്ളതിനാൽ രാവിലെത്തൊട്ട് ജില്ലയിലുടനീളമുണ്ടായിരുന്ന നിരവധി പരിപാടികൾക്ക് ശേഷം VTൽ എത്തിയതാണ്. ഏതെങ്കിലും കേസില്ലാ വക്കീലന്മാർ ഇതുപോലുള്ള സമയങ്ങളിൽ എന്താണ് ചെയ്യാറുള്ളതെന്നറിയില്ല.
പിന്നെ എന്റെ പേരിനെ ഇങ്ങനെ വക്രീകരിച്ച് മുമ്പ് അധിക്ഷേപിച്ച ഒരു മഹതിക്ക് എല്ലാ പേരുകൾക്കും അങ്ങനെ വക്രീകരണ സാധ്യതകൾ ഉണ്ടെന്ന് ഒന്നോർമ്മിപ്പിച്ചതിന്റെ പേരിലുള്ള പരാതിയും എങ്ങിക്കരച്ചിലും ഇപ്പോഴും തീർന്നിട്ടില്ല. അതുകൊണ്ട് വീണ്ടുമൊരാളെക്കൂടി അങ്ങനെ ഓർമ്മപ്പെടുത്താൻ ഞാനായിട്ട് ആഗ്രഹിക്കുന്നില്ല.
തെരഞ്ഞെടുപ്പിൽ തോറ്റാലുടൻ VTൽ കുത്തിയിരിക്കുന്നവരല്ല ഞങ്ങളാരും. ലോകത്തിലാദ്യമായി തെരഞ്ഞെടുപ്പിൽ തോൽക്കുന്നതും ഞങ്ങളല്ല എന്ന് സാമാന്യം ചരിത്രബോധമുള്ളവർക്കറിയാം. ഇ.കെ നായനാരും വി.എസ്. അച്ചുതാനന്ദനുമടക്കമുള്ള വലിയ വിപ്ലവകാരികൾ തൊട്ട് ഇന്നത്തെ ക്യാബിനറ്റിലെ 21 മന്ത്രിമാരിൽ 16 ആളുകളും ഓരോ ഘട്ടത്തിൽ തെരഞ്ഞെടുപ്പിൽ തോറ്റവർ തന്നെയാണ്. അവരെയൊക്കെ അതത് കാലത്ത് ജനങ്ങൾ VTൽ ഇരുത്തിയതാണെന്നാണ് വാദമെങ്കിൽ പിന്നൊന്നും പറയാനില്ല.
ഏതായാലും ഞങ്ങളിൽപ്പലരും മത്സരിച്ചതും വിജയിച്ചതും പരാജയപ്പെട്ടതും ഏത് കുറ്റിച്ചൂലുകളെ നിർത്തിയാലും ജയിപ്പിക്കാൻ സ്വന്തം പാർട്ടിക്ക് കരുത്തുള്ള മണ്ഡലങ്ങളിലല്ല, പതിറ്റാണ്ടുകളോളം എതിരാളികളുടെ കയ്യിലിരുന്ന സീറ്റുകൾ പിടിച്ചെടുത്തിട്ടാണ് മുന്നോട്ടുവന്നത്. കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി "നല്ലകുട്ടി" ചമയാനല്ല, സ്വന്തം രാഷ്ട്രീയത്തെ നിർഭയമായി മുന്നോട്ടുവച്ചുള്ള പോരാട്ടങ്ങൾ തുടരാൻ തന്നെയാണ് തെരഞ്ഞെടുപ്പിന് മുൻപും ശേഷവും ശ്രമിച്ചിട്ടുള്ളത്.
ഏതായാലും, സ്വന്തം പാർട്ടിക്ക് വലിയ മുൻതൂക്കമുള്ള കോർപ്പറേഷൻ വാർഡ് മുതൽ പാർലമെന്റ് സീറ്റ് വരെയുള്ള എല്ലാ മത്സരങ്ങളിലും തോറ്റ് തുന്നം പാടി അവസാനം പാർട്ടിക്ക് ഒരിക്കലും തോൽക്കാൻ കഴിയാത്ത മണ്ഡലത്തിൽ മാനേജ്മെന്റ് ക്വാട്ട വഴി സീറ്റ് തരപ്പെടുത്തിയൊന്നുമല്ല ഞങ്ങളൊന്നും ജീവിതത്തിൽ ആദ്യമായി ഒരു തെരഞ്ഞെടുപ്പ് വിജയം നേടുന്നത്. അതുകൊണ്ട് തന്നെ ആരുടേയെങ്കിലും ആദ്യ വിജയത്തിന്റെ നെഗളിപ്പിലോ മന്ത്രിക്കാറുകളുടെ ചീറിപ്പായലിലോ കണ്ണു തള്ളുന്നവരല്ല ഞങ്ങളാരും.
(NB: ഫോട്ടോ പ്രതീകാത്മകം മാത്രമാണ്. എറണാകുളത്തെ കുണ്ടന്നൂർ പാലമാണെന്ന് തോന്നുന്നു)